ഈ ബ്ലോഗ് തിരയൂ

2018 ജൂൺ 27, ബുധനാഴ്‌ച

കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍.



കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍.

കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍. കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
പാമ്പുമ്മേക്കാട്(വ്). തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയില്‍വെസ്റ്റേഷനു സമീപമാണിത്. ഒരിക്കല്‍ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവില്‍ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തുവത്രെ. പിന്നീട് താന്‍ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാന്‍ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലുപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താല്‍ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടില്‍ നാഗദര്‍ശനമുണ്ടായി. അതിനെത്തുടര്‍ന്ന് വാസുകിയുടെ നിര്‍ദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട്(വ്) അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.
Image:Nagaradhana (16).png
Image:Nagaradhana (15).png
മണ്ണാറശാലക്ഷേത്രം. ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തില്‍ തീയ് കിഴക്കോട്ട് പടര്‍ന്ന് പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
Image:Nagaradhana (14).png
ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സര്‍പ്പം തുള്ളലിന് ഒന്‍പതു പേര്‍ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായര്‍ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സര്‍പ്പംപാട്ടും സര്‍പ്പം തുള്ളലും കഴിഞ്ഞാല്‍ തൊട്ടടുത്ത വര്‍ഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവര്‍ഷം ഗന്ധര്‍വന്‍പാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാര്‍ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവര്‍ഷം പുലസര്‍പ്പംപാട്ടുനടത്തും.
വെട്ടിക്കോട് ക്ഷേത്രം. മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സര്‍പ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തന്‍. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരില്‍ ജ്യേഷ്ഠനും സര്‍വഗുണസമ്പന്നനുമാണ് അനന്തന്‍.
അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചില്‍, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കണ്‍മഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.
പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം. നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമര്‍പ്പണം, സര്‍പ്പബലി എന്നിവയാണ് പ്രധാന വഴിപാടുകള്‍. കണ്ണൂര്‍-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.
ആമേട. തൃപ്പൂണിത്തുറ-വൈക്കം റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസര്‍ഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തന്‍കാട് നാഗരുക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ശ്രീദുര്‍ഗാംബികാക്ഷേത്രം, കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളാണ്.
കേരളത്തിന്Nagaradhana (14).pngറെ പല ഭാഗങ്ങളിലും സവര്‍ണരും അവര്‍ണരും പൂജാദികര്‍മങ്ങള്‍ ചെയ്യുന്ന നാഗാരാധനകേന്ദ്രങ്ങളുണ്ട് എന്നതൊരു സവിശേഷതയാണ്.
(സര്‍വ്വവിജ്ഞാനകോശം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്