ഈ ബ്ലോഗ് തിരയൂ

2018 ജൂൺ 27, ബുധനാഴ്‌ച

എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്




എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറയുന്നുണ്ടു്.

 പ്രയത്‌നം കൂടാതെ ജീവിതത്തില്‍ വിജയം കണ്ടെത്തുവാന്‍ കഴിയില്ല. പ്രയത്‌നം ചെയ്യുവാന്‍ തയ്യാറാകാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞുകൊണ്ടിരിക്കുക അതു് അലസതയുടെ ലക്ഷണമാണു്. പ്രയത്‌നിക്കേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളുമെന്നു പറയും; എന്നാല്‍ വിശക്കുമ്പോള്‍ എവിടെയെങ്കിലും ചെന്നു മോഷ്ടിച്ചായാലും വേണ്ടില്ല, വയറു നിറയ്ക്കാന്‍ നോക്കും. ആ സമയത്തു് ഈശ്വരന്‍ കൊണ്ടുത്തരട്ടേ എന്നു ചിന്തിച്ചു ക്ഷമയോടെ കാത്തിരിക്കാറില്ല. വിശപ്പിൻ്റെ മുന്നിലും സ്വന്തം കാര്യങ്ങളുടെ മുന്നിലും ഈശ്വരനിലുള്ള സമര്‍പ്പണം വാക്കുകളില്‍ മാത്രമാണു്.
നമ്മുടെ എല്ലാ കാര്യങ്ങളിലും ഈശ്വരനു പ്രത്യേക ശ്രദ്ധയുണ്ടു്. ഇതിൻ്റെ അര്‍ത്ഥം കര്‍മ്മം ചെയ്യേണ്ട അവസരങ്ങളില്‍ കൈയും കെട്ടി വെറുതെയിരുന്നാല്‍ ഫലം കിട്ടുമെന്നല്ല. നമുക്കു് ആയുസ്സും ആരോഗ്യവും ബുദ്ധിയും ഈശ്വരന്‍ നല്കിയിരിക്കുന്നതു മടിയന്മാരായിരുന്നു ജീവിതം പാഴാക്കുവാനല്ല. അവിടുത്തെ നിര്‍ദ്ദേശമനുസരിച്ചു പ്രയത്‌നിക്കുവാന്‍ തയ്യാറാകണം. തീകൊണ്ടു പുരയും കത്തിക്കാം, ആഹാരവും പാകം ചെയ്യാം. അതുപോലെ ഈശ്വരന്‍ തന്നിരിക്കുന്ന ഈ ഉപാധികളെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം. പ്രയത്‌നിക്കേണ്ട സമയത്തു്, പ്രയത്‌നിക്കേണ്ട രീതിയില്‍ ഈശ്വരാര്‍പ്പണമായി പ്രയത്‌നിക്കുക. എങ്കില്‍ മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ.
ഒരാള്‍ മൂന്നു പേര്‍ക്കു് ഓരോ വിത്തു നല്കി. ഒന്നാമന്‍ അതു് പെട്ടിയില്‍ വച്ചു സൂക്ഷിച്ചു. രണ്ടാമന്‍ അപ്പോഴേ അതു തിന്നു വിശപ്പടക്കി. മൂന്നാമന്‍ അതു നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തി. യാതൊരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, കിട്ടിയ വിത്തു പെട്ടിയില്‍വച്ചു സൂക്ഷിക്കുന്നവനെപ്പോലെയാണു്. വിത്തു പെട്ടിക്കു ഭാരമാകുന്നതല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. അതുപോലെ ഒരു കര്‍മ്മവും ചെയ്യാതെ എല്ലാം ഈശ്വരന്‍ നോക്കിക്കൊള്ളും എന്നു പറഞ്ഞിരിക്കുന്നവര്‍, ഈശ്വരന്‍ നല്കിയ ഉപകരണങ്ങളെ ശരീര മനോബുദ്ധികളെ വേണ്ടവണ്ണം പ്രയോജനപ്പെടുത്താതെ മടിയന്മാരായി കഴിയുന്നവര്‍, ലോകത്തിനു ഭാരമാണു്. കിട്ടിയ പാടെ വിത്തുതിന്നവനു് താത്കാലികമായി തൻ്റെ വിശപ്പടക്കുവാന്‍ കഴിഞ്ഞു. ഇതുപോലെയാണു ഭൗതികജീവികള്‍. താത്കാലികസുഖം മാത്രമാണു് അവരുടെ ലക്ഷ്യം. എന്നാല്‍, വിത്തു് എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്നു മനസ്സിലാക്കി, നട്ടു്, വേണ്ട വെള്ളവും വളവും നല്കി വളര്‍ത്തിയവനു് അതില്‍നിന്നും കിട്ടിയ ഫലംകൊണ്ടു തൻ്റെയും കുടുംബത്തിൻ്റെയും വിശപ്പടക്കി, വീണ്ടും വിതച്ചു നാട്ടുകാര്‍ക്കു് ആവശ്യമായതും നല്കുവാന്‍ കഴിഞ്ഞു. ഇതുപോലെ ഈശ്വരന്‍ നമുക്കു നല്കിയിരിക്കുന്ന ഉപകരണത്തിൻ്റെ ശരിയായ പ്രയോജനം മനസ്സിലാക്കി അതിനെ വേണ്ടവണ്ണം ഉപയോഗിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ലക്ഷ്യത്തിലെത്തുവാന്‍ കഴിയൂ, പ്രയോജനപ്രദമായ രീതിയില്‍ ജീവിതം നയിക്കാന്‍ സാധിക്കൂ.
ഈശ്വരന്‍ നല്കിയിരിക്കുന്ന ഈ ഉപകരണത്തെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുന്നതാണു് അവിടുത്തോടുള്ള സമര്‍പ്പണം. മറിച്ചു്, പ്രയത്‌നം ചെയ്യാതെ മടിപിടിച്ചിരിക്കുന്നതു് അവിടുത്തോടു കാട്ടുന്ന ദ്രോഹമാണു്. ഭഗവാന്‍ കൃഷ്ണന്‍, ഗീതയില്‍ എന്താണു പറഞ്ഞതു്? ”അര്‍ജ്ജു നാ, നീ യുദ്ധം ചെയ്യുക, നിന്നോടൊപ്പം ഞാനുണ്ടു്” എന്നാണു്. അല്ലാതെ ”നീ കര്‍മ്മമൊന്നും ചെയ്യേണ്ട, വെറുതെയിരുന്നാല്‍ മതി, ഞാന്‍ നിന്നെ രക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞില്ല. ഈശ്വരൻ്റെ സമീപത്തേക്കു നാം ഒരു ചുവടുവച്ചാല്‍ അവിടുന്നു നമ്മിലേക്കു നൂറു ചുവടടുക്കും. പക്ഷേ, ആ ഒരു ചുവടുകൂടി വയ്ക്കുവാനുള്ള സമര്‍പ്പണം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല.
പ്രയത്‌നം ചെയ്യുവാനുള്ള കഴിവും സാഹചര്യവും നമുക്കു് ഒരുക്കിത്തരുന്നതു് ഈശ്വരനാണെന്നു് നാം മറക്കരുതു്. പക്ഷേ, നമ്മുടെ പ്രയത്‌നത്തിൻ്റെ വിജയവും അവിടുത്തെ കൃപയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഫലം എന്തുമാകട്ടെ, അവിടുത്തേക്കു സമര്‍പ്പിച്ചുകൊണ്ടു പ്രയത്‌നം ചെയ്യുകയാണു നമ്മുടെ കര്‍ത്തവ്യം. അവിടുത്തെ കൈകളിലെ ഒരു തടിക്കഷണംപോലെയാകണം നമ്മള്‍. ചിലപ്പോള്‍ നമ്മളെ കീറിമുറിച്ചെന്നിരിക്കും, ചിലപ്പോള്‍ കളിപ്പാട്ടമുണ്ടാക്കിയെന്നു വരാം. മറ്റു ചിലപ്പോള്‍ തീ കത്തിക്കാന്‍ ഉപയോഗിച്ചെന്നിരിക്കും. ‘അവിടുന്നു് അങ്ങനെ എന്തും ചെയ്യട്ടെ, അതെല്ലാം എനിക്കു സന്തോഷം തന്നെ’ ഈയൊരു സമര്‍പ്പണം വരണം. ഈ സമര്‍പ്പണഭാവത്തോടുകൂടി കര്‍മ്മം ചെയ്യുമ്പോള്‍ മാത്രമേ, അതു ശരിയായ കര്‍മ്മമാകുന്നുള്ളൂ. അപ്പോള്‍ ജയവും തോല്‌വിയും നമ്മെ ബാധിക്കുകയില്ല. നമുക്കു സംതൃപ്തിയോടെ, സമാധാനത്തോടെ ജീവിക്കാന്‍ കഴിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്