സർപ്പാരാധനഅഥവാ നാഗാരാധന.
പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ് സർപ്പാരാധനഅഥവാ നാഗാരാധന. പ്രാചീനകാലം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതിൽ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യൻ ആരാധിക്കുകയും പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സർപ്പാരാധനയുടെ തുടക്കം എന്ന് കണക്കാക്കപ്പെടുന്നു.
ശിലാരാധന, സർപ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിർഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തിൽ വസിക്കുന്ന സർപ്പരൂപിയായ ചെകുത്താൻ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്. കേരളത്തിൽ ആദ്യകാലത്ത് ഇതൊരു ദ്രാവിഡ ആചാരമായിരുന്നു. വൈഷ്‌ണവർ വിഷ്ണുവിന്റെ ശയനവും വൈഷ്ണവ സർപ്പവുമായ അനന്തശേഷനെയും, ശൈവർ ശിവന്റെ കണ്ഠാഭരണവും ശിവ സർപ്പവുമായ വാസുകിയെയും, അഷ്ടനാഗങ്ങളെയും ആരാധിച്ചിരുന്നു. ഇതാണ് ഹിന്ദുമതത്തിൽ കാണപ്പെടുന്നത്.
ഐതിഹ്യങ്ങൾ
കേരളോല്പത്തി സർപ്പകാവുകളെ സംബന്ധിച്ച ചില കഥകൾ വെളിപ്പെടുത്തുന്നു. കേരളം സൃഷ്ടിച്ച പരശുരാമൻ അന്യദേശങ്ങളിൽ നിന്ന് കൊണ്ട് വന്ന് പാർപ്പിച്ച ആളുകൾക്ക് അനുഭവപ്പെട്ട സർപ്പശല്യം പരിഹരിക്കാൻ, സർപ്പകാവുകൾ ഉണ്ടാക്കി ആരാധിക്കാൻ നിർദ്ദേശിച്ചു എന്നാണ് ‘കേരളോല്പത്തി’യിൽ പറയുന്ന കഥ. സമൂഹത്തിൽ ആധിപത്യം നേടിയ ബ്രാഹ്മണർ കാലക്രമത്തിൽ സർപ്പപൂജയുടെ അധികാരം കരസ്ഥമാക്കിയെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സർപ്പങ്ങൾക്കായി മാറ്റിവച്ച ഭൂമിയിൽ ആയുധങ്ങളുപയോഗിച്ച് വെട്ടുകയോ കൊത്തുകയോ ചെയ്യെരുതെന്നും പരശുരാമൻ നിർദ്ദേശിച്ചു എന്നാണു ഐതിഹ്യം. മനുഷ്യന്റെ ആക്രമണത്തിൽ നിന്നു പൂർണമായും വിമുക്തമായ സ്ഥലത്ത് വൃക്ഷലതാദികളും ജീവജാലങ്ങളും ഇങ്ങനെ സ്വതന്ത്രമായി വളരാനിടയായി.
സർപ്പാരാധന കേരളത്തിൽ
ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും സർപ്പാരാധന നിലനിൽക്കുന്നുണ്ടെങ്കിലും സർപ്പാരാധന സമ്പ്രദായത്തിലെ കേരളീയത എടുത്തുപറയത്തക്കതാണ്. ഇന്ത്യയിൽതന്നെ സർപ്പാരാധന ഏറ്റവും വ്യാപകമായ പ്രദേശമാണ് കേരളം. “അഹിഭൂമി”[സർപ്പങ്ങളുടെ നാട്] എന്നു കേരളത്തേയും “സഹ്യാദ്രി”[സ+അഹി+അദ്രി=സർപ്പങ്ങൾ നിറഞ്ഞ പർവ്വതം] എന്ന് പശ്ചിമഘട്ടത്തേയും ആര്യന്മാർ വിശേഷിപ്പിച്ചത് ഈ ഭൂവിഭാഗത്തിന്റെ സർപ്പാരാധനയുടെ പ്രാധാന്യം പരിഗണിച്ചാവണം.
സർപ്പങ്ങളെ കാവുകൾ എന്ന വൃക്ഷനിബദ്ധമായ ഒരു ഖണ്ഡത്തിൽ കുടിയിരുത്തി ആരാധിക്കുന്ന സമ്പ്രദായം കേരളത്തിന്റെ സവിശേഷതയാണ്. സർപ്പപ്രീതിക്കായി അനവധി അനുഷ്ടാനകലകൾ കേരളത്തിൽ രൂപം കൊണ്ടിട്ടുണ്ട്. ക്ഷേത്രങ്ങളോടും പഴയ തറവാടുകളോടും അനുബന്ധിച്ചാണ് സർപ്പകാവുകൾ കണ്ടുവരുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിൽ പരസ്പരസൌഹൃതത്തോടും പരസ്പരസാഹോദര്യത്തോടും കഴിഞ്ഞുപോവുന്ന അപൂർവ്വബന്ധത്തിന്റെ മാതൃകയുമാണ് കാവുകൾ. കേരളത്തിലെ സർപ്പാരാധനാ സമ്പ്രദായത്തിന്റെ സവിശേഷദകളായ സർപ്പം പാട്ട് അഥവാ പുള്ളുവൻ പാട്ടും, പാമ്പിൻ തുള്ളലും, നൂറും പാലും ഊട്ടലും ദ്രാവിഡസ്വാധീനത്തിന്റെ തുടർച്ചയായി കാണാം.
പരശുരാമനാണ് കേരളത്തിൽ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിർവഹിച്ചപ്പോൾ, അവിടം വാസയോഗ്യമാകണമെങ്കിൽ സർപ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമൻ, ഭൂമിയുടെ രക്ഷകരും കാവൽക്കാരുമെന്നനിലയിൽ സർപ്പങ്ങളെ പൂജിക്കുകയും അവർക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സർപ്പങ്ങൾ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.[൧]
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമർശിക്കപ്പെട്ടുകാണുന്നത്. മുൻപറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമർശങ്ങൾക്കു പിന്നിൽ.
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സർപ്പഫണത്താലി, സർപ്പരൂപം കൊത്തിയുണ്ടാക്കിയ വളകൾ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണർ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സർപ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളിൽ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.
വിശ്വാസങ്ങൾ
സർപ്പപൂജ ഐശ്വര്യദായകമാണെന്ന ഹൈന്ദവ വിശ്വാസത്തിന് ദശാപ്തങ്ങളുടെ പഴക്കമുണ്ട്. സന്താനലാഭത്തിനും ഐശ്വര്യലബ്ധിക്കും മംഗല്യത്തിനും സർപ്പപ്രീതി ആവശ്യമാണെന്നും സർപ്പത്തിന്റെ അപ്രീതി മഹാരോഗങ്ങൾക്ക് കാരണമാകുമെന്നും ഉള്ള വിശ്വാസം ഇന്നും ജനങ്ങളിൽ പ്രബലമാണ്
വിക്കിപീഡിയ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.