ഈ ബ്ലോഗ് തിരയൂ

2018 ജൂലൈ 3, ചൊവ്വാഴ്ച

അറിഞ്ഞും അടുത്തും അച്ഛനൊപ്പം

അറിഞ്ഞും അടുത്തും അച്ഛനൊപ്പം
അമ്മയ്ക്ക് എല്ലാം വാവിട്ടു കരഞ്ഞ് തുറന്നു പറയാം.അച്ഛന് വാത്സല്യത്തോടെ എല്ലാം നെഞ്ചിലൊതുക്കാം.അച്ഛന്‍ വാവിട്ട് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ലോകം തന്നെ മാറിപ്പോയേക്കാം.അതുകൊണ്ടാവണം ഈ നെഞ്ചിലൊതുക്കം അച്ഛന് വരദാനമായികിട്ടിയത്.ഇങ്ങനെയൊക്കെ എല്ലാമക്കളും ഒരുനിമിഷം ചിന്തിച്ചിട്ടുണ്ടാവണം.അമ്മ എല്ലാമാണെന്നു പറയുമ്പോഴും അച്ഛന്‍ എല്ലാമാകാതായിപ്പോകുന്നില്ലല്ലോ.ഇന്ന് അച്ഛന്‍ദിനം. അച്ഛനും മക്കളും തമ്മിലുള്ള ബന്ധവും കുടുംബത്തിലെ അച്ഛന്‍ സാന്നിധ്യവുമൊക്കെ പറഞ്ഞാല്‍ തീരാത്ത കഥക്കൂടാണ്.പിതൃസങ്കല്‍പ്പത്തെക്കുറിച്ചാകട്ടെ പിന്നെയുമുണ്ട് അത്ര തന്നെയും.ബന്ധങ്ങള്‍ക്കു കൂടുതല്‍ ഇഴയടുപ്പമുള്ള ഇന്ത്യയില്‍ പ്രത്യേകിച്ച് ഇതിന്റെ രസമുകുളം കൂടും.നമ്മുടെ വേദേതിഹാസങ്ങളിലും മറ്റും പിതൃസ്വരൂപത്തിനു നല്‍കിയിട്ടുള്ള വിശേഷണങ്ങളും മഹത്വവുമൊക്കെ അനവദ്യസുന്ദരമാണ്.പിതാവിനായി മക്കള്‍ ഉഴിഞ്ഞുവെച്ച ജീവിതവും മക്കള്‍ക്കായി പിതാവിന്റെ ത്യാഗ സമ്പത്തുമൊക്കെ അതില്‍ക്കാണാം.പിതാവിന്റെ പ്രതിബിംബമാണ് പുത്രജന്മമെന്നൊരു സങ്കല്‍പ്പമുണ്ട്.മനുഷ്യനില്‍ സ്വരൂപിക്കപ്പെട്ട അച്ഛന്‍പേടിയുടെ ഭാവനാരൂപമാണ് ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുളയെന്ന് അതിനു പിന്നിലെ മനശാസ്ത്രം തേടിപ്പോയവര്‍ പറഞ്ഞിട്ടുണ്ട്.അത് ഒറ്റപ്പെട്ടൊരു നിരീക്ഷണമാകാം. പിതൃ സങ്കല്‍പ്പം എന്നും പാവനവും പ്രിയപ്പെട്ടതുമാണ്. ഇന്ന് മറവിരോഗം കൂടുതല്‍ അല്ലെന്നുമാത്രമല്ല മറവിതന്നെ രോഗമായും ഓര്‍മയെക്കാള്‍ മറവികൂടുതലായും തീരുന്ന ഇന്നത്തെ ചുറ്റുപാടില്‍ വേണ്ടപ്പെട്ടതുപോലും നിര്‍ബന്ധമായി ഓര്‍മിപ്പിക്കേണ്ടിവരുന്നതില്‍ വൈരുധ്യം ഉണ്ടാവാം.അങ്ങനെ നിര്‍ബന്ധിച്ചു ഓര്‍മിപ്പിക്കേണ്ടതാണോ അച്ഛനനുഭവം എന്നുമാകാം.ഇരിക്കട്ടെ,അച്ഛനും മക്കള്‍ക്കും വാത്സല്യംകൊണ്ട് അവരവരെത്തന്നെ വിചാരണ ചെയ്യാമല്ലോ.കുറഞ്ഞുപോയെന്നു തോന്നുന്ന സ്‌നേഹം അധികമാക്കാനും ഉള്ളതു തരിമ്പും കുറയാതെ നിലനിര്‍ത്താനും കഴിയുമല്ലോ. കരുതലും ജാഗ്രതയും നല്‍കുന്ന സുരക്ഷയുടെ കാവലാണ് അച്ഛന്‍. അമ്മയുടെ തണലില്‍ അച്ഛന്റെ സുരക്ഷ.അച്ഛനുണ്ടെങ്കില്‍ ഭൂമിയുടെ അറ്റത്തോളം പോകാമെന്ന ധൈര്യം.എപ്പഴും അമ്മയോടൊപ്പമായ മക്കള്‍ അച്ഛന്‍ വരാന്‍ വഴിക്കണ്ണുമായി കാത്തിരിക്കും.അച്ഛനൊപ്പമേ ഉണ്ണൂ...കിടക്കൂ,അച്ഛന്റെ നെഞ്ചില്‍ ചൂടുപറ്റി.ഭൂമിയിലെ ഏതുമക്കള്‍ക്കും കുഞ്ഞുന്നാളില്‍ ഉള്ളതാണ് ഇത്തരം അച്ഛനനുഭവം.ഈ അനുഭവമണ്ണില്‍ വേരാഴ്ത്തി വളര്‍ന്ന് മക്കളില്‍ വടവൃക്ഷമാകുന്നതാണ് അച്ഛന്‍.
പണ്ടെത്തെ മക്കള്‍ക്ക് അരുതാത്തതു ചെയ്യാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കുന്ന അതിര്‍ത്തിപ്പേടികൂടിയായിരുന്നു അച്ഛന്‍.അച്ഛന്‍ പിണങ്ങും..വഴക്കുപറയും...തല്ലും എന്നൊക്കെ.മക്കളെ ചൊല്ലുവിളിക്കു വളര്‍ത്താന്‍ ഇത്തരം ഭയപ്പെടുത്തലുകള്‍ വേണമെന്നു കരുതിയിരുന്നു അന്നത്തെ ചില പിതാക്കന്മാര്‍.ചിലര്‍ വഴക്കു പറഞ്ഞതിനും തല്ലിയതിനുമൊക്കെ മക്കളെ ആശ്വസിപ്പിച്ചിരുന്നത് അവരുടെ ഇഷ്ടവിഭവങ്ങള്‍ വാങ്ങിക്കൊടുത്താണ്.ചില തെറിപ്പന്മാരായ മക്കള്‍ ഇത്തരം ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ തല്ലുകൊള്ളേണ്ട കുസൃതികളൊക്കെ ഒപ്പിക്കുമായിരുന്നു.എന്നാല്‍ പലര്‍ക്കും ഏറ്റവും വലിയ കൂട്ടുകാരായിരുന്നു അച്ഛന്‍. കാലം മാറിയപ്പോള്‍ അച്ഛനും മക്കളും തമ്മിലുളള ബന്ധങ്ങള്‍ക്കു ഉലച്ചില്‍ തട്ടിയില്ലെങ്കിലും മനോഭാവങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.പഴയ അച്ഛന്‍പേടി കുറവാണ് പുതുതലമുറയ്ക്ക്. അച്ഛനെ കൂട്ടുകാരനായി കാണാനാണു താല്‍പര്യം.കാര്യങ്ങള്‍ പരസ്പരം തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഈ സൗഹൃദംകൊണ്ടുദ്ദേശിക്കുന്നത്.ഇത്തരമൊരു തുറന്ന സൗഹൃദമോ തുറന്നു പറച്ചിലോ അന്നുണ്ടായിരുന്നില്ല. അച്ഛനോടുള്ള ബഹുമാനം ഉലയാതിരിക്കാന്‍ അകലംപാലിച്ചിരുന്നുവെന്നും വേണമെങ്കില്‍ പറയാം.എന്തെങ്കിലും പരിഭവമോ പിണക്കമോ അകല്‍ച്ചയോ അച്ഛനും മക്കള്‍ക്കുമിടയിലുണ്ടെങ്കില്‍ അതു മറന്നും പൊറുത്തും ഇല്ലാതാക്കണം. ഈ ദിവസം ആവശ്യപ്പെടുന്നത് കൂടുതല്‍ അറിഞ്ഞും അടുത്തും അച്ഛനൊപ്പം നില്‍ക്കാനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ബ്ലോഗ് ആര്‍ക്കൈവ്