ഈ ബ്ലോഗ് തിരയൂ

2018 സെപ്റ്റംബർ 26, ബുധനാഴ്‌ച

നരസിംഹാവതാരം********* ശ്രീമദ് ഭാഗവത മാഹാത്മ്യം




നരസിംഹാവതാരം

ശ്രീമദ് ഭാഗവത മാഹാത്മ്യം
ഭഗവാന്റെ ദശാവതാരങ്ങളില്‍ ഒന്നാണ് 
നരസിംഹാവതാരം. പകുതി മനുഷ്യനും പകുതി സിംഹവും ആയ അതി ഭീഭത്സമായ സ്വരൂപം. കനല്‍ക്കട്ടപോലെ ചുവന്നു തിളങ്ങുന്ന കണ്ണുകള്‍, സിംഹത്തെപോലുള്ള സടകള്‍, കൂര്‍ത്തുമൂര്‍ത്ത ദംഷ്ട്രകള്‍ , രക്തം ഒലിച്ചിറങ്ങുന്ന വായ്‌, രക്തം നക്കി നുണയുന്ന നീണ്ട നാക്ക്, വളഞ്ഞ പുരികം, രോമം നിറഞ്ഞ ശരീരം , കഴുത്തില്‍ കുടല്‍മാല ആഭരണം. സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് ഈ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്. വൈകുണ്ഡത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാര്‍ ശാപമേറ്റ് അസുരന്മാരായി കശ്യപന്റെയും ദിതിയുടെയും പുത്രന്മാരായി പിറന്നു. അതില്‍ ഒരുവനായ ഹിരണ്യാക്ഷനെ ഭഗവാന്‍ വരാഹരൂപം ധരിച്ച് കൊന്നു. അവന്റെ സഹോദരനായ ഹിരണ്യകശുപുവിനെ വധിക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. സഹോദരനെ കൊന്നതിന്റെ പകരം വീട്ടാനായി, ഹിരണ്യകശിപു ദേവന്മാരെയും മുനികളെയും പീഡിപ്പിച്ചു . കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഹിരണ്യകശിപു മന്ദര പര്‍വതത്തില്‍ പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നൂറു സംവത്സരം കഠിനതപസ്സനുഷ്ടിച്ചു. തപസ്സിന്റെ കാഠിന്യം കൊണ്ട് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു . "തനിക്ക് ബ്രഹ്മാവ്‌ സൃഷ്ടിച്ച ജീവജാലങ്ങളില്‍ നിന്നൊന്നും മരണം പാടില്ല; ആകാശത്തിലും ഭൂമിയിലും വച്ച് മരണം പാടില്ല; രാത്രിയും പകലും മരണം പാടില്ല; ഒരു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും മരണം സംഭവിക്കാന്‍ പാടില്ല; പോരില്‍ തനിക്കു തുല്യരായി ലോകത്ത് ആരും ഉണ്ടാകരുത്" എന്നീ വരങ്ങളാണ് ആവശ്യപ്പെട്ടത് . ബ്രഹ്മാവ്‌ ഈ വരങ്ങളെല്ലാം നല്‍കി അപ്രത്യക്ഷമായി.


വരബലത്താല്‍ മത്തനായ അസുരന്‍ മൂന്ന് 
ലോകങ്ങളെയും കീഴടക്കി ഭരിക്കാന്‍ തുടങ്ങി. "ആരും വിഷ്ണുവിനെ പൂജിക്കരുത് ; ഹിരണ്യായ നമ! എന്ന് ജപിക്കണം " എന്നായിരുന്നു ആജ്ഞ. ചാരന്മാരെ വിട്ട് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. നാരായണ നാമം ജപിക്കുന്നവരുടെ നാവു പിഴുതെടുക്കുകയും ചെയ്തിരുന്നു. സജ്ജനങ്ങളും, ദേവന്മാരും, ഋഷിമാരും വിഷ്ണുവിനോട് പരാതി ബോധിപ്പിച്ചു. ഭഗവാന്‍ അവരെ സമാധാനപ്പെടുത്തി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പും കൊടുത്തു. ഹിരണ്യ കശിപിന്റെ നാല് പുത്രന്മാരില്‍ മൂത്ത പുത്രനാണ് പ്രഹ്ലാദന്‍. അതായത് കശ്യപന്റെയും ദിതിയുടെയും പൌത്രന്‍. ഈ കുട്ടി സത്യസന്ധനും, സദാചാരനിഷ്ടനും, ജിതേന്ദ്രിയനും, സര്‍വ്വഭൂത സുഹൃത്തും , വിഷ്ണു ഭക്തരില്‍ അഗ്രഗണ്യനും ആയിരുന്നു. ജനിച്ചു വീണ നിമിഷം മുതല്‍ കുട്ടിക്ക് നാരായണാ നാരായണാ എന്നാ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 
നേരത്തെ പറഞ്ഞപോലെ, ഹിരണ്യകശിപു തപസ്സിനു പോകുന്ന സമയത്ത് ഭാര്യ കയാധു പ്രഹ്ലാദനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ തക്കം നോക്കി ഇന്ദ്രന്‍ അസുരന്മാരെ തോല്‍പ്പിച്ച് കയാധുവിനെ പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇത് കണ്ട നാരദന്‍ ഇന്ദ്രനോട് താന്‍ ചെയ്യുന്നത് തെറ്റാണന്നും, കയാധുവിന്റെ ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞ് മഹാഭാഗവതനും ബാലവാനുമാണ് എന്ന് പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ കയാധുവിനെ വിടുകമാത്രമല്ല പ്രദക്ഷിണം വച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു . നാരദന്‍ കയാധുവിനെ തന്റെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോകയും ഉള്ളില്‍ കിടക്കുന്ന കുട്ടിയെ ഉദ്ദേശിച്ച് മുനി അമ്മക്ക് ധര്‍മ്മസ്വരൂപവും ആത്മജ്ഞാനവും ഉപദേശിച്ചു കൊടുത്തു. കുട്ടി ഇതെല്ലാം നല്ലവണ്ണം പഠിച്ചു. ഇങ്ങനെയാണ് പ്രഹ്ലാദന്‍ ജന്മനാ ഭാഗവതോത്തമാനായത്.


ഹിരണ്യകശിപു തന്റെ മകനെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി 
അസുരഗുരുവായ ശുക്രമുനിയുടെ പുത്രന്മാരായ ശണ്ഡന്റെയും അമര്‍ക്കന്റെയും പക്കല്‍ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് മകനോട്‌, ഇതുവരെ പഠിച്ചതില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ് എന്ന് ചോദിച്ചു. അതിനു മറുപടിയായി പ്രഹ്ലാദന്‍ "നല്ലത് നാനാജഗദ്ഗുരു മാധവന്‍, കല്യാണവാരിധി താന്‍ പാദസേവയില്‍ മീതെ നമുക്കേതുമില്ലെന്നതെന്നുടെ ചേതസി നന്നായുറച്ചിതു കേവലം" എന്ന് പറഞ്ഞു. അതായത് ഭഗവാന്റെ പാദസേവക്കു മീതെയായിട്ടൊന്നുമില്ല എന്ന് അര്‍ത്ഥം. ക്രുദ്ധനായ ഹിരണ്യകശിപു മകനെ ശാസിക്കുകയും, വിഷ്ണുഭക്തി മാറ്റിയെടുക്കാന്‍ ശുക്രപുത്രന്മാരോടു ആജ്ഞാപിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രഹ്ലാദന്‍ തന്റെ കൂട്ടുകാരേയും ഭഗവദ് ഭക്തരാക്കി മാറ്റി.
ഹിരണ്യകശിപു പ്രഹ്ലാദനെ കൂടുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. രാക്ഷസന്മാരുടെ കൈയ്യില്‍ വാളുകള്‍ കൊടുത്ത് കുട്ടിയെ കൊല്ലാന്‍ നോക്കി. എന്നാല്‍ രാക്ഷസര്‍, ഭഗവാന്റെ മായയാല്‍ തങ്ങളില്‍ തങ്ങളില്‍ വെട്ടി മരിച്ചു. ആനയെകൊണ്ടു കുത്തി കൊല്ലാനും ശ്രമിച്ചു. 
പക്ഷെ ഭഗവാന്റെ മായയാല്‍ ആനകളുടെ കൊമ്പോടിഞ്ഞു പോയി. അഷ്ടനാഗങ്ങളെ കൊണ്ട് കടിപ്പിക്കാനും നോക്കി. പക്ഷെ അവിടെയും പ്രഹ്ലാദന് വിഷബാധയേറ്റില്ല . കൈയും കാലും കെട്ടി അഗ്നിയിലിട്ടു. അവിടെയും കുട്ടി കൂടുതല്‍ ശോഭയുള്ളതായി മാറി. ഒടുവില്‍ കുട്ടിയെ നാഗപാശം കൊണ്ട് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തി, മുകളില്‍ വലിയ പാറക്കല്ലുകള്‍ കയറ്റിവച്ചു . നാരായണ ഭക്തനായ കുട്ടിയുടെ കെട്ടുകളൊക്കെ പൊട്ടി; പാറക്കല്ലുകള്‍ ഉരുണ്ടുപോയി. സമുദ്രനാഥനായ വരുണന്‍ കുട്ടിയെ എടുത്തു കരയില്‍ കൊണ്ട് നിര്‍ത്തി. 


ഭ്രുത്യന്മാരെക്കൊണ്ട് ആയിരം യോജന ഉയരമുള്ള
മലമുകളില്‍ കയറ്റി കൊണ്ടുപോയി കൈ കാലുകള്‍ ബന്ധിച്ച് താഴേക്കെറിഞ്ഞു. ഭൂമിദേവി സ്ത്രീ രൂപം പൂണ്ടു കീഴ്പ്പോട്ടു വരുന്ന ബാലനെ തൃക്കൈയ്യിലെടുത്തു മടിയില്‍വച്ച് താലോലിച്ചു. പ്രഹ്ലാദന്‍ ദേവിയെ സ്തുതിച്ചു. ഇതെല്ലാം കണ്ട് മറ്റുള്ളവര്‍ ഭഗവദ് ഭക്തരായിത്തീര്‍ന്നു. തന്റെ ഗുരുക്കളെയും പ്രഹ്ലാദന്‍ ആത്മോപദേശം നല്‍കി ആനന്ദത്തിലാക്കി. കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനോട് ക്രോധത്തില്‍ എവിടെയാണ് ഈശ്വരന്‍ ഉള്ളത് എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ശാന്തസ്വരത്തില്‍ " ഈ കാണുന്ന സകല ചരാചരങ്ങളിലും, തൂണിലും, തുരുമ്പിലും ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു" എന്ന് പറഞ്ഞു. ഹിരണ്യകശിപു ഇതുകേട്ട് തന്റെ വാളൂരി മുന്നില്‍ക്കണ്ട തൂണില്‍ ആഞ്ഞു വെട്ടി. അത്ഭുതം! തൂണ് പൊട്ടിപ്പിളര്‍ന്ന് ഭീകര രൂപത്തില്‍ നരസിംഹം പുറത്തു ചാടി. ഉടനെ ആകാശത്തില്‍ ദേവന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, ബ്രഹ്മാവ്‌ തുടങ്ങിയവരെല്ലാം നിരന്നുനിന്നു. 
നേരം സന്ധ്യയോടടുത്തിരിന്നു (രാത്രിയും പകലും അല്ല). നരസിംഹരൂപിയായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ (ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ പെട്ടതല്ല ) അസുരനെ പിടിച്ചു പടിയിലിരുന്ന്
(അകത്തും പുറത്തുമല്ല), തന്റെ തുടയില്‍ അസുരനെ കിടത്തി നഖം കൊണ്ട് (ആയുധം കൊണ്ടല്ല) ഉടല്‍ കുത്തിക്കീറി ചോര കുടിച്ച് കുടല്‍മാലയെടുത്ത് കഴുത്തില്‍ ധരിച്ചു. അങ്ങനെ മൂന്ന് ലോകവും വിറപ്പിച്ച അസുരന്റെ കഥ കഴിഞ്ഞു. 

ശിവനും ബ്രഹ്മാവും ദേവേന്ദ്രനും ഹരിയെ സ്തുതിച്ചു. 
ആര്‍ക്കും നരസിംഹത്തിന്നടുത്തെക്ക് ചെല്ലാന്‍ ധൈര്യമുണ്ടായില്ല . അത്രയ്ക്ക് ഭയമായിരുന്നു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രഹ്ലാദന്‍ ഭഗവാന്റെ സമീപത്തു ചെന്ന് സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ശാന്തസ്വരൂപനായി . പ്രഹ്ലാദനെ ആശ്ലേശിച്ചിട്ട് അപ്പോഴത്തെ മന്വന്തരക്കാലം അസുരാധിപനായി വാഴാനും അനുഗ്രഹം നല്‍കി. അങ്ങനെ ബ്രഹ്മാവ്‌ പ്രഹ്ലാദനെ അസുര ചക്രവര്‍ത്തിയായി അഭിഷേകം ചെയ്തു....

ശ്രീ പരീക്ഷിത്ത്‌ രാജാവ് **** ശ്രീമദ് ഭാഗവത മാഹാത്മ്യം




ശ്രീ പരീക്ഷിത്ത്‌ രാജാവ്

ശ്രീമദ് ഭാഗവത മാഹാത്മ്യം
പാണ്ഡവരില്‍ അര്‍ജുനന്റെ പുത്രനായ അഭിമന്യുവിന്റെ പുത്രനാണ്
പരീക്ഷിത്ത്‌.. കുരുക്ഷേത്രയുദ്ധത്തില്‍ പാണ്ഡവര്‍ കൌരവന്മാരെ മുഴുവനും കാലപുരിക്കയച്ചു . ദ്രോണപുത്രനായ അശ്വതഥാമാവ് പ്രതികാരമായി പാണ്ഡവരുടെ മക്കളെയും ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊന്നൊടുക്കി അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരിക്കുന്ന ആ കുഞ്ഞിനു നേരെയും ബ്രഹ്മാസ്ത്രം പാഞ്ഞു വന്നു. ശ്രീകൃഷ്ണഭഗവാനെ വിളിച്ച് ഉത്തര ഹൃദയം പൊട്ടിക്കരഞ്ഞു. വിഷ്ണുഭഗവാന്‍ സ്വന്തം തേജസ്സു കൊണ്ട് അവളുടെ ഗര്‍ഭത്തെ മായയാല്‍ മറച്ചു. അതോടെ ബ്രഹ്മാസ്ത്രത്തിന് കുഞ്ഞിനെ കൊല്ലാന്‍
കഴിഞ്ഞില്ല. ഗര്‍ഭത്തില്‍ ഇരുന്നുകൊണ്ട് കുഞ്ഞു തന്നെ രക്ഷിക്കുന്ന
ഭഗവാന്റെ മുഖം ഒരു നോക്ക് കണ്ടു. അങ്ങനെ വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ട അഭിമന്യുപുത്രനാണ് വിഷ്ണുരാതന്‍ അഥവാ പരീക്ഷിത്ത്‌.. 


പാണ്ഡവര്‍ യുദ്ധം ജയിച്ചു. യുധിഷ്ടിരന്‍ രാജാവായി. യാഗങ്ങള്‍ നടത്തി അദ്ദേഹം ഖ്യാതി നേടി. പിന്നീട് ഭഗവാന്‍ അര്‍ജുനനെയും കൂട്ടി ദ്വാരകാപുരിയിലേക്കെഴുന്നെള്ളി. ഏകദേശം നാലുമാസം കഴിഞ്ഞപ്പോള്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗ്ഗാരോപണം ചെയ്ത വിവരം അര്‍ജുനനന്‍ യുധിഷ്ടിരനോടും മറ്റും വ്യസനത്തോടെ അറിയിച്ചു. ധര്‍മ്മപുത്രാധികളെല്ലാം ഈ ദുഖഭാരം താങ്ങാനാവാതെ, പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്തിട്ട്, ഭഗവാനെ ധ്യാനിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു. പരമഭക്തനായ പരീക്ഷിത്ത്‌ ധര്‍മ്മാനുസരണം രാജ്യം ഭരിച്ചു. ഉത്തരന്റെ പുത്രിയായ ഇരാവതിയെ പാണിഗ്രഹണം ചെയ്തു. നാല് പുത്രന്മാരും ജനിച്ചു. പരീക്ഷിത്ത്‌ മൂന്ന് അശ്വമേധങ്ങള്‍ നടത്തി തന്റെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു . അങ്ങനെയിരിക്കെ രാജ്യത്ത് കലിയുടെ ഉപദ്രവങ്ങള്‍ മനസ്സിലാക്കിയ രാജാവ് കലിയെ തോല്‍പ്പിച്ച് കീഴടക്കി. പേടിച്ചു വിറച്ച കലി തനിക്ക് വസിക്കാനുള്ള സ്ഥാനങ്ങള്‍ കല്‍പ്പിച്ചു നല്‍കണമെന്നഭ്യര്‍ദ്ധിച്ചു . അതനുസരിച്ച് ചൂതുകളി, മദ്യസേവ, സ്ത്രീസേവ, ജീവഹിംസ എന്നീ നാല് സ്ഥാനങ്ങള്‍ കലിക്കു വാസസ്ഥാനമായി അനുവദിച്ചുകൊടുത്തു. വീണ്ടും കലിയുടെ അപേക്ഷയനുസരിച്ച് ക്രോധം കൊണ്ട് മതികെട്ടവരിലും കലിക്കിരിക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ അഞ്ചു വാസസ്ഥാനങ്ങള്‍ കൊണ്ട് തൃപ്തനായി കലി മടങ്ങി. 

പരീക്ഷിത്തിന് അറുപത്തിയാറ് വയസ്സ് പ്രായമായപ്പോള്‍ ഒരു
ദിവസം നായാട്ടിനായി കാട്ടില്‍ പുറപ്പെട്ടു. നായാട്ടിനുശേഷം തളര്‍ന്ന രാജാവ് ജലപാനത്തിനായി അടുത്തു കണ്ട ആശ്രമത്തില്‍ ചെന്നു. അപ്പോള്‍
ധ്യാനനിരതനായിരിക്കുന്ന ശമീകന്‍ എന്ന മുനി, രാജാവ് എഴുന്നെള്ളിയത്
ശ്രദ്ധിച്ചതുമില്ല. തന്നെ അപമാനിക്കുകയാണ് മുനിയെന്ന് വിചാരിച്ച് രാജാവ് ആശ്രമത്തിന് പുറത്തുവന്നു. അപ്പോള്‍ അവിടെ ഒരു പാമ്പ് ചത്തുകിടക്കുന്നത് കണ്ടു . തന്റെ അമ്പുകൊണ്ട് കോരിയെടുത്ത് മുനിയുടെ കഴുത്തില്‍ മാലയായി അണിയിച്ചു. മുനിയാകട്ടെ ഇതൊന്നും അറിയുന്നില്ല. ഇത്രയും ചെയ്തുകഴിഞ്ഞപ്പോള്‍ രാജാവിന് പശ്ചാത്താപമുണ്ടായി , അദ്ദേഹം അവിടെനിന്ന് കൊട്ടാരത്തിലോട്ടു മടങ്ങി പോവുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞു കുശന്‍ എന്ന് പേരായ ഒരു മുനികുമാരന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ ഇത് കാണുകയും, മുനിയുടെ മകനായ ശ്രുംഗി യോട് ഈ വിവരം പരിഹാസരൂപത്തില്‍ അറിയിക്കുകയും ചെയ്തു . ഇതുകേട്ടു അദ്ദേഹത്തിന് വ്യസനവും ക്രോധവും ഉണ്ടായി "ഇന്നേക്ക് ഏഴാം നാള്‍ തക്ഷകന്‍ കടിയേറ്റു രാജാവ് മരിക്കാനിടയാകട്ടെ" എന്ന് ശപിച്ചു . എന്നിട്ട് പിതാവിന്റെ അരികിലെത്തി മൃതസര്‍പ്പത്തെ കഴുത്തില്‍ നിന്ന് എടുത്തു മാറ്റി. മുനി സമാധി ഉണര്‍ന്നു നോക്കിയപ്പോള്‍ കണ്ടത് സംഭ്രമിച്ച് നമസ്കാരം ചെയ്തു തൊഴുകൈയ്യോടെ നില്‍ക്കുന്ന മകനെയാണ്. നടന്നതെല്ലാം മകന്‍ അച്ഛനെ പറഞ്ഞു ധരിപ്പിച്ചു. അവന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മുനി പറഞ്ഞിട്ട് ശിഷ്യനായ
ഗൌരമുഖനെ വിളിച്ചു രാജാവിനെ വിവരമറിയിക്കാനയച്ചു .
ഗൌരമുഖന്‍ രാജാവിനോട് ശാപത്തെപ്പറ്റി വിവരമുണര്‍ത്തിച്ചു. രാജാവാകട്ടെ , "മുന്നമേ മരിച്ചിരിപ്പോരു ഞാന്‍ ജഗന്നാഥന്‍ തന്‍ അനുഗ്രഹത്താല്‍ ജീവിച്ചേനിത്രനാളും " എന്ന് പറഞ്ഞ് ദൂതന് സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും അതോടൊപ്പം ഈ വിവരം അറിയിച്ച ശമീക മഹാത്മാവിന് നന്ദി അറിയിക്കാനും അരുളിച്ചെയ്തു. (ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്
അശ്വത്ഥമാവിന്റെ ബ്രഹ്മാസ്ത്രത്തില്‍ നിന്നും മുന്നമേ മരിക്കാതെ
രക്ഷപ്പെട്ടത്) പരീക്ഷിത്ത്‌ രാജാവ് രാജ്യഭാരം പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു.


തച്ഛന്മാരെ വിളിച്ച് ഗംഗയില്‍ ഒറ്റത്തൂണില്‍ ഒരു പ്രാര്‍ത്ഥനാമന്ദിരം
തീര്‍ത്ത്‌. അതില്‍ കിഴക്കോട്ടു അഗ്രമാക്കി ദര്‍ഭ വിരിച്ച് അതില്‍
വടക്കോട്ട്‌ മുഖമായി ഭഗവത് നാമങ്ങള്‍ മാത്രം ധ്യാനിച്ചുകൊണ്ടിരുന്നു.
ഇതുകണ്ട് ദേവന്മാര്‍ പൂമാരി ചൊരിഞ്ഞു. യക്ഷകിന്നരഗന്ധര്‍വന്മാര്‍
ആകാശത്ത് താളമേളങ്ങളോടെ ഗാനമാലപിച്ചു. അത്രി,അംഗിരസ്സ്
,വസിഷ്ടന്‍,വിശ്വാമിത്രന്‍, പരാശരന്‍ , പിപ്പലാദന്‍ , മൈത്രേയന്‍ ,
ഗൌതമന്‍, നാരദന്‍ എന്നീ മഹര്‍ഷിമാരെല്ലാം സന്നിഹിതരായിരുന്നു . ആ
നേരത്താണ് വ്യാസനന്ദന്‍ ശ്രീശുകമഹര്‍ഷി അവിടെ എത്തിച്ചേര്‍ന്നത്.
ദിഗംബരനും, മഹാത്മാവുമായ ശ്രീശുകനെക്കണ്ട് എല്ലാവരും എഴുന്നേറ്റു. ആചാരങ്ങളും, പൂജകളും, വന്ദനങ്ങളും ചെയ്തു സല്‍ക്കരിച്ചു . ശ്രീശുകമഹര്‍ഷി, രാജാവിന് പരമപദപ്രാപ്തിക്കുള്ള തത്വം ഉപദേശിച്ചു. അന്ത്യകാലത്ത് മനുഷ്യന്‍ ദേഹത്തിലും ദേഹസംബന്ധമായവയിലും ഉള്ള ആസക്തി അറുത്തു കളയണം. തീര്‍ത്ഥസ്നാനം ചെയ്ത് ഏകാന്തസ്ഥാനത്തിരുന്ന്‍ ഇന്ദ്രിയങ്ങളെ അടക്കി പ്രാണായാമം ചെയ്ത് പ്രണവം ജപിച്ച് മനസ്സിനെ ഭഗവത് 
രൂപത്തില്‍ ഉറപ്പിക്കണം. ഭഗവത് സ്വരൂപമായ വിരാട് രൂപത്തെ രാജാവിനു ശ്രീശുകന്‍ വിസ്തരിച്ചു മനസ്സിലാക്കിക്കൊടുത്തു. ഇപ്രകാരം ധാരണ ചെയ്തപ്പോള്‍ രാജാവിന്റെ മനസ്സില്‍ ഭക്തി ഉറക്കുകയും ആനന്ദം
സ്പുരിക്കുകയും ചെയ്തു. പിന്നെ ശ്രീശുകന്‍ ഭഗവത്കഥകള്‍ പറയാനാരംഭിച്ചു . ഏഴു ദിവസം നിരാഹാരവൃതത്തില്‍ എല്ലാവരും ഇരുന്നു കഥ കേട്ട് എഴാം ദിവസം കഥ അവസാനിച്ചു. രാജാവ് ശ്രീശുകന്റെ പാദത്തില്‍ സാഷ്ടാംഗപ്രണാമം ചെയ്തു.

കശ്യപന്‍ എന്ന വിഷഹാരി പരീക്ഷിത്ത്‌ രാജാവിനുണ്ടായ ശാപവൃത്താന്തമറിഞ്ഞു . തക്ഷകന്‍ കടിക്കുമ്പോള്‍ വിഷമിറക്കി രാജാവിനെ രക്ഷിച്ചാല്‍ തനിക്ക് ധാരാളം പൊന്നും പണവും പ്രതിഫലമായിക്കിട്ടും എന്ന് വിചാരിച്ച് കശ്യപന്‍
പുറപ്പെട്ടു. തക്ഷകന്‍ ഒരു ബ്രാഹ്മണ വേഷത്തില്‍ കുറച്ച് വിശിഷ്ട ഫലങ്ങള്‍
കാഴ്ചയായി കൊണ്ടുവന്നു. വഴിക്ക് വച്ച് അവര്‍ പരിചയപ്പെടുകയും തങ്ങളുടെ ശക്തി പരീക്ഷിച്ചു നോക്കുകയും ചെയ്തു. രണ്ടുപേരും ഒന്നിനൊന്നു തോല്‍ക്കാന്‍ തയ്യാറാകത്തതുകൊണ്ട് ബ്രാഹ്മണന്‍ കശ്യപന് ധാരാളം പൊന്നും ദ്രവ്യവും നല്‍കി തിരിച്ചയച്ചു . തക്ഷകന്‍ അതേ ബ്രാഹ്മണ വേഷത്തില്‍ രാജസന്നിധിയില്‍ എത്തി ഫലങ്ങള്‍ രാജാവിന് കാഴ്ചവച്ചു. സന്തോഷവാനായ രാജാവ് അതിലൊരണ്ണം എടുത്ത് പൊളിച്ചപ്പോള്‍ മായാവിയായി തക്ഷകന്‍ ഒരു പുഴുവിന്റെ
രൂപത്തില്‍ ആ ഫലത്തില്‍ നിന്നും പുറത്തുവന്ന് യഥാര്‍ത്ഥ രൂപം ധരിക്കയും രാജാവിനെ കടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം വിഷബാധിതനായി രാജാവ് ഭസ്മമായി ഭവിച്ചു. രാജാവിന്റെ ധന്യമായ മോക്ഷപ്രാപ്തി കണ്ട് ദേവദുന്ദുഭികള്‍ വാദ്യഘോഷങ്ങള്‍ മുഴക്കി. ഗന്ധര്‍വന്മാരും അപ്സരസ്സുകളും പാട്ടുപാടി നൃത്തം വച്ചു. ദേവന്മാര്‍ പൂമഴപെയ്തു. അങ്ങനെ പരീക്ഷിത്ത്‌ രാജാവ് മോക്ഷപ്രാപ്തനായി..

ശ്രീമദ് ഭാഗവത മാഹാത്മ്യം




ശ്രീമദ് ഭാഗവത മാഹാത്മ്യം
ഏഴു ദിവിസം ഭാഗവത പാരായണവും, ഗണപതി ഹോമവും, വിശേഷാല്‍ പൂജകളും അടങ്ങിയ ഒരു യജ്ഞമാണ് ഭാഗവത സപ്താഹം.ഏഴ് ദിവസവും ശുദ്ധിയോടെ വൃതമെടുത്ത് ഇതില്‍
പങ്കെടുത്ത് ഭക്തിയോടെ വായന കേള്‍ക്കുന്നവര്‍ക്കും, മനനം
ചെയ്യുന്നവര്‍ക്കും മോക്ഷം കിട്ടുകയും; അതോടൊപ്പം അവരുടെ പിതൃക്കള്‍ക്കും കൂടി മോക്ഷം കിട്ടുകയും ചെയ്യും എന്നാണ് വിശ്വാസം. ഉദാഹരണത്തിന് ഒരു കഥ നമുക്ക് ശ്രദ്ധിക്കാം 


തുംഗഭദ്ര നദിയുടെ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ആത്മദേവന്‍ എന്ന് പേരായ ഒരു ബ്രാഹ്മണന്‍ താമസിച്ചിരുന്നു. 
ധര്‍മ്മിഷ്ടനായ അദ്ദേഹത്തിന് സകല വേദങ്ങളും നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പത്നിയുടെ പേര് ധുന്ധുളി എന്നായിരുന്നു. അവള്‍ നല്ല കുലത്തില്‍ പിറന്നവളാണ് ; അതുപോലെ സുന്ദരിയുമാണ്. എന്നാല്‍ തന്നിഷ്ടക്കാരിയും ബുദ്ധിമുട്ടുകളൊന്നും സഹിക്കാന്‍ ഇഷ്ടമല്ലാത്ത ഒരു വല്ലാത്ത സ്വഭാവക്കാരിയുമായിരുന്നു. കല്യാണം കഴിഞ്ഞ് വളെരെ വര്‍ഷങ്ങളായിട്ടും അവര്‍ക്ക് സന്തതിയുണ്ടായില്ല. കുട്ടികളുണ്ടാകാനായി ബ്രാഹ്മണന്‍ ധാന ധര്‍മ്മങ്ങളും,സല്ക്കര്‍മ്മങ്ങളും പലുതും ചെയ്തു നോക്കി; ഫലമുണ്ടായില്ല. ദുഃഖം സഹിക്കാനാവാതെ അദ്ദേഹം നാടുവിട്ടുപോയി. കാട്ടിലെത്തിയ അദ്ദേഹം ഒരു തടാകത്തില്‍ നിന്ന് വെള്ളം മുക്കികുടിച്ച് തീരത്ത്‌ വിശ്രമിക്കാന്‍ ഇരുന്നു. അപ്പോള്‍ അവിടെ ഒരു സന്യാസി വന്നു ചേര്‍ന്നു. തന്റെ ദുഃഖ കാരണമെല്ലാം ആത്മദേവന്‍ സന്യാസിയെ ധരിപ്പിച്ചു. ജ്ഞാനദര്‍ശനത്തില്‍ കൂടി ആത്മദേവന് മക്കളില്ലാതിരിക്കുന്നതാണ് നല്ലതെന്ന് സന്യാസിക്ക് മനസ്സിലായി സന്യാസി ആ വിവരം ബ്രാഹ്മണനെ അറിയിച്ചു. എന്നിട്ടും ആ ബ്രാഹ്മണന്‍ തനിക്കു സന്താനം വേണമെന്ന് തന്നെ സന്യാസിയോട് അഭ്യര്‍ദ്ധിച്ചു . നിവൃത്തിയില്ലാതായപ്പോള്‍ സന്യാസി അദ്ദേഹത്തിനു ഒരു പഴം കൊടുത്തു; എന്നിട്ട് ഇപ്രകാരം പറഞ്ഞു; " ഈ പഴം കഴിച്ച് ബ്രാഹ്മണപത്നി ഒരു വര്‍ഷം വ്രതമനുഷ്ടിക്കണം. ദിവസത്തില്‍
ഒരിക്കലെ ആഹാരം കഴിക്കാവൂ. സത്യത്തോടും ദയയോടും കൂടി നല്ല സ്വഭാവിയായി ഒരു വര്‍ഷം ഇങ്ങിനെ വ്രതമെടുത്ത് ജീവിക്കണം. എന്നാല്‍ നിര്‍മലനായ സല്പുത്രന്‍ ജനിക്കും" ഇത്രയും പറഞ്ഞ് ആ യോഗി അവിടെ നിന്നും മറഞ്ഞു. ആത്മദേവന് അതിയായ സന്തോഷമുണ്ടായി. 

വീട്ടില്‍ മടങ്ങിയെത്തിയ ആത്മദേവന്‍ ഭാര്യയുടെ കൈയ്യില്‍ പഴം കൊടുത്തിട്ട് സന്യാസി പറഞ്ഞ വിവരങ്ങളെല്ലാം പറഞ്ഞു മനസ്സില്ലാക്കി. എന്നാല്‍ ധുന്ധുളിയാകട്ടെ ഇതിനൊന്നും തയ്യാറാകാതെ പഴം തിന്നു എന്ന് ഭര്‍ത്താവിനോട് നുണയും പറഞ്ഞ് കഴിഞ്ഞുകൂടി. വസ്ത്രം കൊണ്ട് വയറു വലുതാക്കിയും ആ ബ്രാഹ്മണസ്ത്രീ തന്റെ ഭര്‍ത്താവിനെ ബോധിപ്പിച്ചിരുന്നു . ധുന്ധുളി പഴം തന്റെ പശുവിനു കൊടുക്കുകയും ചെയ്തു. അതെ സമയം തന്റെ അനുജത്തിയും ആ സമയത്ത് ഗര്‍ഭിണിയായിരുന്നു. യഥാകാലം അനുജത്തി ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചു . ആത്മദേവനോട് ആ കുഞ്ഞ് തന്റെ കുഞ്ഞാണന്നു പറഞ്ഞ്, കുഞ്ഞിനെ നോക്കാനായി അനുജത്തിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആത്മദേവന് സന്തോഷമായി. കുഞ്ഞിനു ധുന്ധുകാരി എന്ന് പേരിട്ടു. കുറച്ചു നാളുകള്‍ക്കു ശേഷം ആ പശു ഒരു മനുഷ്യ കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന്റെ ചെവികള്‍ രണ്ടും പശുവിന്റെത്പോലെയാണിരുന്നത് . ബ്രാഹ്മണന്‍ ആ കുഞ്ഞിനേയും സ്വന്തം കുഞ്ഞായി തന്നെ വളര്‍ത്തി. അവന് ഗോകര്‍ണന്‍ എന്ന പേരിട്ടു. രണ്ടു കുട്ടികളും ഒരുമിച്ചാണ് വളര്‍ന്നത്‌. എന്നാല്‍ രണ്ടും രണ്ടു സ്വാഭാവക്കാര്‍ . ധുന്ധുകാരി ദുഷ്ടനും , ഗോകര്‍ണനാകട്ടെ പണ്ഡിതനും ജ്ഞാനിയും സത്സ്വഭാവിയും ആയിരുന്നു. മനം നൊന്ത ആത്മദേവന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങി. അപ്പോഴേക്കും ഗോകര്‍ണന്‍ അവിടെയെത്തി അദ്ദേഹത്തിന് ആത്മോപദേശം നല്‍കി. ആത്മദേവന്‍ സകലതും ഉപേക്ഷിച്ച് വനത്തില്‍ പ്രവേശിച്ച് ഭാഗവതം ദശമ സ്കന്ധം പാരായണം ചെയ്തും, ഭാഗവതാരാധന ചെയ്തും ഭഗവദ്പദം പ്രാപിച്ചു . സഹികെട്ട ധുന്ധിളി കിണറ്റില്‍ ചാടി മരിച്ചു. ഗോകര്‍ണന്‍ തീര്ധയാത്രയ്ക്കും പോയി. അനാചാര പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ധുന്ധുകാരി ധനമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ അനാശാസ്യ സ്ത്രീകളില്‍ നിന്നും കൊലപ്പെടുത്തുകയും ചെയ്തു.


ധുന്ധുകാരിയുടെ ആത്മാവ് ദുഷ്പ്രേതമായി കാറ്റില്‍ അലഞ്ഞു നടന്നു. ജേഷ്ടന്റെ ദാരുണ മരണ വാര്‍ത്തയറിഞ്ഞ ഗോകര്‍ണന്‍ ആ ആത്മാവിന് പുണ്യം കിട്ടാന്‍ വേണ്ടി ഗയയിലും മറ്റനേകം തീര്‍ത്ഥങ്ങളിലും ശ്രാദ്ധമൂട്ടി.എന്നിട്ടും ആ പ്രേതത്തിനു ശാന്തി കിട്ടിയില്ല. പ്രഭാതമായപ്പോള്‍ ഗോകര്‍ണന്‍ സൂര്യനെ പ്രാര്‍ധിച്ച് തുടങ്ങി. ഭാഗവത സപ്താഹം നടത്തിയാല്‍ ഈ പ്രേതത്തിന് മുക്തി ലഭിക്കുമെന്നും അതില്‍
സംബന്ധിക്കുന്നവര്‍ക്കെല്ലാം പുണ്യം കിട്ടുമെന്നും സൂര്യന്‍
പറഞ്ഞുകൊടുത്തു. എല്ലാവരും ചേര്‍ന്ന് സപ്താഹത്തിന് വേണ്ട ഒരുക്കങ്ങള്‍ ചെയ്തു. ധാരാളം സജ്ജനങ്ങള്‍ വന്നുചേര്‍ന്നു. ഒരു വൈഷ്ണവ ബ്രാഹ്മണനെ മുഖ്യ ശ്രോതാവായി കല്‍പ്പിച്ച് ഗോകര്‍ണന്‍ തന്നെയാണ് പാരായണം നടത്തിയത്. ഭാഗവത സപ്താഹം ആരംഭിച്ചപ്പോള്‍ ധുന്ധുകാരിയുടെ പ്രേതം വായു രൂപത്തില്‍
വന്ന് ഏഴ് മുട്ടുള്ള ഒരു മുളയുടെ അടിയില്‍ കയറിയിരുന്നു. അത്യന്ത
ശ്രദ്ധയോടുകൂടി പ്രേതം ശ്രവണം തുടങ്ങി. അതോടൊപ്പം മനനവും തത്ത്വ നിധി ധ്യാനവും കൂടി ചെയ്തിരുന്നു . ഒന്നാം ദിവസം സന്ധ്യക്ക്‌ പാരായണം നിര്‍ത്തിയപ്പോള്‍ മുളയുടെ താഴത്തെ ഒരു മുട്ട് പൊട്ടി പ്രേതം
രണ്ടാമത്തേതില്‍ പ്രവേശിച്ചു . അങ്ങനെ ഏഴ് ദിവസം കൊണ്ട് പാരായണം അവസാനിച്ചപ്പോള്‍ എഴുമുട്ടുകളും പൊട്ടി പ്രേതം ദിവ്യ രൂപം ധരിച്ച് തുളസീമാലയണിഞ്ഞു മഞ്ഞ വസ്ത്രം ധരിച്ച് കിരീട കുന്ധലങ്ങലണിഞ്ഞ കൃഷ്ണഭഗവാനായി കാണപ്പെട്ടു . അങ്ങനെ ശ്രീകൃഷ്ണ രൂപധാരിയായ ധുന്ധുകാരി വേഗം ചെന്ന് ഗോകര്‍ണനെ വന്ദിച്ച് നന്ദി പറഞ്ഞു. അതോടെ വിഷ്ണുദൂതന്മാര്‍
പ്രഭയേറിയ വിമാനം കൊണ്ടുവന്ന് ധുന്ധുകാരിയെ അതില്‍ കയറ്റി
സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടുപോയി. സനല്‍കുമാര്‍ മഹര്‍ഷി, ചിത്രകൂട വാസിയായ ശാന്ധില്യ മഹര്‍ഷി പറഞ്ഞ ഈ ഇതിഹാസത്തെ നാരദമഹര്‍ഷിക്ക് പറഞ്ഞു കൊടുത്തു ശ്രീകൃഷ്ണ ഭഗവാന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം മുപ്പതു വര്‍ഷം കഴിഞ്ഞ്
പ്രോഷ്ടപദ മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് ശ്രീ ശുകമഹര്‍ഷി പരീക്ഷിത്തിനു വേണ്ടി ഭഗവതോപദേശം ചെയ്തത്. അതാണ്‌ ലോകത്തില്‍ ഒന്നാമതായി നടന്ന സപ്താഹയജ്ഞം.


അതിനുശേഷം ഇരുന്നൂറു കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഗോകര്‍ണന്റെ സപ്താഹം നടന്നത്. അത് ആഷാട മാസത്തില്‍ നവമി തിഥി മുതല്‍ ഏഴ് ദിവസമാണ് നടന്നത്. അതാണ്‌ രണ്ടാമത്തെ സപ്താഹം. പിന്നെയും മുപ്പതു കൊല്ലം കൂടി കഴിഞ്ഞ് ഒരു കാര്‍ത്തിക മാസത്തില്‍ ശുക്ല പക്ഷത്തില്‍ നവമി തിഥി മുതല്‍ക്കാണ് നാരദനും
സനകാദി മഹര്‍ഷിമാരും കൂടി നടത്തിയ മൂന്നാമത്തെ സപ്താഹയജ്ഞം.
ശ്രീകൃഷ്ണ പ്രീതികരവും സകല കല്മഷങ്ങളെയും നശിപ്പിക്കുന്നതും മുക്തിക്ക് ഏക ഹേതുവും ഭക്തി വിലാസത്തിന്റെ മൂല കാരണവുമാണ് ഭാഗവതാലാപം. ആയുഷ്കാലത്ത് ഒരു പ്രാവശ്യമെങ്കിലും ഭാഗവത ശ്രവണം ചെയ്യുന്ന പക്ഷം അവന്‍ പിന്നീട് സംസാര ദുഖത്തെ അനുഭവിക്കേണ്ടി വരില്ലെന്നതിനു പരീക്ഷിത്ത്‌ മഹാരാജാവ്
സാക്ഷിയാണ്. രസാനുഭൂതിയോടുകൂടി ഭാഗവതാലാപമോ സ്രവണമോ ചെയ്യുന്നവര്‍ വിഷ്ണുപദത്തിന്നവകാശികളായി തീരുന്നു. ഭാഗവതത്തെക്കാള്‍ ശ്രേഷ്ടമായ മറ്റൊരു സംഹിതയില്ലെന്നു മഹാത്മാക്കളായ ഋഷികള്‍ പോലും പ്രഖ്യാപിച്ചിട്ടുണ്ട്‌. അതിനാല്‍ അങ്ങനെയുള്ള മഹിമയേറിയ ഭഗവത് സംഹിതയെ
പതിവായി പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നവര്‍ മനുഷ്യ ജന്മസാഫല്യത്തെ പ്രാപിക്കുന്നു......

2018 സെപ്റ്റംബർ 25, ചൊവ്വാഴ്ച

നിത്യജീവിതത്തിൽ ശീലിക്കാം ഈ മന്ത്രങ്ങൾ, ഉന്നതവിജയം സുനിശ്ചയം



നിത്യജീവിതത്തിൽ ശീലിക്കാം ഈ മന്ത്രങ്ങൾ, ഉന്നതവിജയം സുനിശ്ചയം

ഓരോ മന്ത്രവും അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്...

നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ ചിട്ടയോടെയും ഇശ്വരഭക്തിയോടെയും വളർത്തിയാൽ ഭാവിയെക്കുറിച്ചു 
ആകുലപെടേണ്ട കാര്യമില്ല.നിത്യേനയുള്ള നാമജപത്തോടൊപ്പം ശക്തിയുടെ ഉറവിടമായ മന്ത്രങ്ങള്‍...
ൾപ്പെടുത്തുന്നത് ഉത്തമമാണ്. മന്ത്രമെന്നാൽ മനസ്സിനെ ത്രാണം ചെയ്യുന്നത് എന്നാണർത്ഥം.ഓരോ മന്ത്രവും ..അർത്ഥമറിഞ്ഞു ചെല്ലുന്നത് അത്യുത്തമമാണ്...

ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ വലതുവശം തിരിഞെഴുന്നേല്‍ക്കണം. ഏഴുന്നേറ്റ ഉടനെ കൈകള്‍ രണ്ടും അഭിമുഖമായി പിടിച്ച് കൈകളിലേയ്ക്കു നോക്കി താഴെ പറയുന്ന മന്ത്രം ജപിയ്ക്കണം
കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കരമൂലേ സ്ഥിതേ ഗൗരി
പ്രഭാതേ കരദര്‍ശനം
കയ്യുടെ അഗ്രഭാഗത്ത് ലക്ഷ്മിദേവിയും കൈവെള്ളയുടെ മദ്ധ്യഭാഗത്ത് സരസ്വതിയും കരമൂലത്തില്‍ ഗൗരിയും സ്ഥിതി ചെയ്യുന്നു. ആയതിനാല്‍ ഈ ദേവിമാരെ കണികാണുന്നതിനു പ്രഭാതത്തില്‍ കരദര്‍ശനം നടത്തണം.
എഴുന്നേറ്റു പാദങ്ങള്‍ ഭൂമിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ താഴെ കൊടുത്തിരിയ്ക്കുന്ന മന്ത്രം ജപിയ്ക്കണം
സമുദ്രവസനേ ദേവി
പര്‍‌വ്വത സ്തനമണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദ്സ്പര്‍ശം ക്ഷമസ്വമേ
സമുദ്രത്തിലേയ്ക്കു കാല്‍‌വച്ചും പര്‍‌വ്വതങ്ങളെ സ്തനങ്ങളാക്കിയും വസിയ്ക്കുന്നതും ശ്രീമഹാവിഷ്ണുവിന്റെ പ്രിയപത്നിയായിരിയ്ക്കുന്നതു മായ അമ്മേ എന്റെ പാദസ്പര്‍ശം ക്ഷമിച്ചാലും.
ശേഷം ദിനചര്യകളിലേയ്ക്കു കടക്കുക. മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കു ശേഷം കൈകാലുകള്‍ സോപ്പുപയോഗിച്ചു വൃത്തിയായി കഴുകണം. ശേഷം “ക്ലീം കാമദേവായ നമ:” എന്നു ജപിച്ച് പല്ലു തേയ്ക്കുക. പിന്നീട് കുളിയ്ക്കാനായി തയ്യാറെടുക്കുക. കുളത്തിലോ കുളിമുറിയിലോ എവിടെയായാലും കുളിയ്ക്കു മുന്‍പ് രണ്ടു കൈകൾ ചേര്‍ത്ത കൈകുമ്പിളിൽ നിറയെ ജലം എടുത്തു പ്രാര്‍ത്ഥിയ്ക്കുക.
ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മ്മദേ സിന്ധു കാവേരി
ജലേഽസ്മിൻ സന്നിധിം കുരു
ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി എന്നിങ്ങനെയുള്ള പുണ്യനദികളിലെ ജലസാന്നിധ്യം ഇവിടെയുണ്ടാകട്ടെ.
ഇനി കുളിയ്ക്കുക. കുളിയ്ക്കു ശേഷം തോര്‍ത്തുമ്പോള്‍ ആദ്യം പുറം തോര്‍ത്തണം അതിനു ശേഷമേ തലതോര്‍ത്താവൂ. തോര്‍ത്തിയ ശേഷം സന്ധ്യാവന്ദനം.
സന്ധ്യാവന്ദനം
ആദ്യം ആചമനം നടത്തുക
വലതു കയ്യില്‍ ജലമെടുത്ത് ഓം അച്യുതായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക്കുക. വീണ്ടും ജലമെടുത്ത് ഓം അനന്തായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക വീണ്ടും ഓം ഗോവിന്ദായ നമ: എന്നു ജപിച്ച് ജലം കഴിയ്ക്കുക.
ആന്തരിക ശുദ്ധിയ്ക്കും കണ്ഠ ശുദ്ധിയ്ക്കും വേണ്ടിയാണ്‌ ആചമനം നടത്തുന്നത്. ഈശ്വര നാമം ജപിച്ച് ആചമനം ചെയ്യുന്നത് ആന്തരികമായ് ശുദ്ധി വരുത്തും എന്നുഋഷീശ്വരന്മാർ പറഞ്ഞിരിയ്ക്കുന്നു. ഏതു തരത്തിലുള്ള് നാമ ജപവുമാവാം. ചിലര്‍ കേശവായ സ്വാഹാ, നാരായണായ സ്വാഹാ, മാധവായ സ്വാഹാ എന്നും ജപിയ്ക്കുന്നു. എല്ലം സ്വീകാര്യമാണ്‌. വൈദിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവർ
"ഓം ശംന്നോ ദേവീരഭീഷ്ടയ
ആപോഭവന്തുപീതയേ
ശം യോരഭിസ്രവന്തുന"
എന്നു ജപിച്ച് ആചമനം നടത്തുന്നു.
ആചമന ശേഷം ഭസ്മധാരണം നടത്തണം.
സ്നാനത്തിനു ശേഷം തണുത്തിരിയ്ക്കുന്ന ശരീരത്തെ പ്രത്യേകിച്ച് സന്ധി ബന്ധങ്ങളെ അമിതമായ ജലാംശത്തില്‍ നിന്നും രക്ഷിയ്ക്കുന്നതിനായാണ് ഭസ്മധാരണം നടത്തുന്നത്. ഭസ്മധാരണം വഴി ശരീരത്തിന്‌ ഉണര്‍‌വ്വും ഉന്മേഷവും പ്രാപ്തമാകുന്നു. കൂടാതെ മനസ്സിന് ആത്മീയ അനുഭൂതിയും ലഭിയ്ക്കുന്നു. ആയതിനാല്‍ ഭസ്മധാരണം നിര്‍‌ബന്ധമാണ്‌. പ്രഭാതത്തില്‍ ഭസ്മം ജലത്തില്‍ കുഴച്ചും സന്ധ്യയ്ക്ക് ജലം ഉപയോഗിയ്ക്കാതെയും വേണം ഭസ്മം ധരിയ്ക്കാന്‍. ഭസ്മധാരണം ഈശ്വരീയനാമ സ്മരണയോടുകൂടി ചെയ്യന്‍ ആചാര്യന്മാർ സം‌വിധാനം ചെയ്തിരിയ്ക്കുന്നു. ആയതിന്റെ വിശദാംശങ്ങള്‍ താഴെ കൊടുത്തിരിയ്ക്കുന്നു.
ആദ്യം ഇടതു കൈവെള്ളയില്‍ ആവശ്യത്തിനു ഭസ്മം എടുത്ത് വലതുകയ്യില്‍ അല്പം ജലമെടുത്ത്
1,  ഓം ആപോഹിഷ്ഠാമയോ ഭുവസ്താന
    ഊര്‍ജ്ജേദധാതന മഹേരണായ ചക്ഷസേ
(അപ്ദേവിമാരായ നിങ്ങള്‍ സുഖദായിനികളാണല്ലോ. അപ്രകാരമിരിയ്ക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് അന്നാദികളായ ഉപഭോജ്യവസ്തുക്കള്‍ പ്രദാനം ചെയ്താലും. തന്നെയുമല്ല ഞങ്ങള്‍ക്ക് അവികലമായ വീക്ഷണ ശക്തിയും സമീചീനവുമായ ജ്ഞാനവും നലകണം. നിങ്ങള്‍ ഞങ്ങളെ ഐശ്വര്യാദി സുഖാനുഭവങ്ങള്‍ക്കും ഉത്ക്റ്ഷ്ട് ജ്ഞാനസമ്പാദനത്തിനും യോഗ്യന്മാരാക്കിതീര്‍ക്കണേ!)

2 ,ഓം യോവശിവതമോരതസ്തസ്യ
ഭാജയതേഹന: ഉശതീരിവ മാതര:
(ഹേ അപ്ദേവിമാരെ നിങ്ങളുടെ നൈസര്‍ഗ്ഗികമായ രസം ഏറ്റവും സുഖകരമാണ്‌. ആരസം ഈ ലോകത്തില്‍ തന്നെ ഞങ്ങള്‍ക്ക് അനുഭവ വേദ്യമാക്കിത്തരേണമേ. സന്താനങ്ങളുടെ സുഖ സമൃദ്ധിയെ ഇച്ഛിയ്ക്കുന്ന ജനനികള്‍ സ്നേഹസ്നുതപയോധരകളായി എപ്രകാരമാണോ തങ്ങളുടെ ശിശുക്കള്‍ക്ക് സ്തന്യം നല്‍കുന്നത് അപ്രകാരം ഉന്മേഷകരമായ ജലരസം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും)

3, ഓം തസ്മ അരംഗമാമവോയസ്യക്ഷയായ
ജിന്വഥ അപോജന യഥാചന:
(ഹേ അപ്ദേവിമാരെ വിവിധ പാപങ്ങളുടെ ക്ഷയത്തിനായി ഞങ്ങള്‍ക്ക് നിങ്ങളെ വേഗത്തില്‍ വേഗത്തില്‍ത്തന്നെ പ്രാപിയ്ക്കുമാറാകട്ടെ. പരിശുദ്ധകളും പാപനാശിനികളുമായ ഗംഗാദി നദികളില്‍ സ്നാന തര്‍പ്പണാദികള്‍കൊണ്ട് ഞങ്ങള്‍ പാപ വിമുക്തന്മാരായിത്തീരട്ടെ.)
എന്നീ മന്ത്രങ്ങള്‍ ഓരോന്നും ജപിച്ചു കൊണ്ട് ഓരോപ്രാവശ്യവും ജലം ഭസ്മത്തിലും ശരീരത്തിലും തളിയ്ക്കുക
പുണ്യാഹമന്ത്രങ്ങളാണ്‌ ഇതു മൂന്നും. ക്ഷേത്രങ്ങളിലെ പൂജ, അഭിഷേകം, പുണ്യാഹനിര്‍മ്മിതി എന്നിവയ്ക്കും മറ്റുകര്‍മ്മങ്ങള്‍ക്ക് പുണ്യാഹ നിര്‍മ്മിതിയ്ക്കും ഈ മന്ത്രങ്ങള്‍ അത്യന്താപേക്ഷിതമാണ്‌. ആയതിനാല്‍ വളരെ പവിത്രമായ മന്ത്രങ്ങളാണിവ. മൂന്നും ചേര്‍ത്ത്ആപോഹിഷ്ഠാദി എന്നു പറയുന്നു.
അതിനുശേഷം ആവശ്യത്തിനു ജലം ചേര്‍ത്ത് വലതുകയ്യുടെ മോതിരവിരല്‍ ഭസ്മത്തില്‍ തൊട്ടുകൊണ്ട് താഴെ പറയുന്ന മന്ത്രം ജപിയ്ക്കുക
ഓം അഗ്നിരിതി ഭസ്മ, വായൂരിതി ഭസ്മ, ജലമിതി ഭസ്മ സ്ഥലമിതി ഭസ്മ വ്യോമേതി ഭസ്മ സര്‍‌വ്വം ഹവ ഇദം ഭസ്മ മന ഏതാനി ചക്ഷുംഷി ഭസ്മാനി
ഓം ത്ര്യയംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍‌വ്വാരുകമിവ ബന്ധനാത്
മൃതൃോര്‍മുക്ഷീയമാംമൃതാത്
ഈ മന്ത്രം മൃതൃു൦ജയമന്ത്രം എന്നറിയപ്പെടുന്നു. രുദ്രനെ പൂജിയ്ക്കുവാന്‍ വളരെ വിശിഷ്ഠമായ മന്ത്രമാണിത്.നിത്യാനുഷ്ഠാനങ്ങള്‍ ചെയ്യുന്നതിലൂടെത്തന്നെ ഈശ്വര പൂജയ്ക്കും അവസരമൊരുക്കുന്ന വിധത്തിലാണ്‌ ആചാര്യന്മാര്‍ രൂപകല്‍‌പ്പന ചെയ്തത്
ശേഷം രണ്ടു കയ്യും ചേര്‍ത്ത് ഭസ്മം നന്നായി കുഴയ്ക്കുക. ചൂണ്ടു വിരല്‍ നടുവിരല്‍ മോതിരവിരല്‍ എന്നീ വിരലുകള്‍ മാത്രം ചേര്‍ത്തുപിടിച്ചുകൊണ്ട് ഓം നമശ്ശിവായ: എന്നു ജപിച്ച് നെറ്റി, കഴുത്ത്, മാറിടം, പുറത്ത് വലത്തും, ഇടത്തും വലതു കൈപാര്‍ശ്വം ഇടതുകൈപാര്‍ശ്വം വലതുകൈത്തണ്ട,ഇടതുകൈത്തണ്ട, വയറിനിരുവശത്തും, ശരീരത്തിന്റെ സന്ധികളിലും ഭസ്മം ധരിയ്ക്കുക. ഭസ്മധാരണത്തിനുശേഷം ചന്ദനവും സിന്ദൂരവും തൊടണം.
ഭസ്മധാരണത്തിനുശേഷം ഗായത്രീ മന്ത്രം ഋഷി ഛന്ദസ് ദേവത എന്നീ ന്യാസങ്ങളോടു കൂടി മൂന്നുപ്രാവശ്യം ജപിയ്ക്കണം.
ആദ്യം നടുവിരലും മോതിരവിരലും ചേര്‍ത്തുപിടിച്ച് അവയുടെ രണ്ടാമത്തെ സന്ധിയില്‍ പെരുവിരല്‍ തൊട്ടുകൊണ്ട് മറ്റുവിരലുകള്‍ ഉയര്‍ത്തിപ്പിടിയ്ക്കുക. ഈ മുദ്രയ്ക്ക് മൃഗമുദ്ര എന്നുപറയുന്നു. മൃഗമുദ്ര കൊണ്ട് ശിരസ്സില്‍ സ്പര്‍ശിച്ച് ഓം ഗാഥിനോ വിശ്വാമിത്ര ഋഷി എന്നും മൂക്കിനു താഴെ തൊട്ട് ഗായത്രി ഛന്ദ: എന്നും ഹൃദയത്തില്‍ സ്പര്‍ശിച്ച് സവിതാ ദേവത എന്നും ജപിയ്ക്കുക (ഇത്ഋഷി  ഛന്ദസ്സ് ദേവത ന്യാസം)
തുടര്‍‌ന്ന് ഗായത്രി മന്ത്രം മൂന്നു പ്രാവശ്യം ജപിയ്ക്കുക
ഓം ഭൂര്‍ഭുവസ്വ:
തത് സവിതുര്‍‌വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്
(യാതൊരാള്‍ ഞങ്ങളുടെ ധീകളെ പ്രചോദനം ചെയ്യുന്നുവോ ആ ദേവനായ സവിതാവിന്റെ വരേണ്യമായ ഭര്‍ഗ്ഗസ്സിനെ ഞങ്ങള്‍ ധ്യാനിയ്ക്കുന്നു)
ശേഷം വീണ്ടും  ഋഷി  ഛന്ദസ്സ് ദേവത ന്യസിയ്ക്കുക.
ഇനി തര്‍പ്പണം ചെയ്യുക
രണ്ടുകൈവെള്ളയ്ക്കുള്ളീല്‍ നിറയെ ജലമെടുത്ത് കൈവിരലുകളുടെ അഗ്രഭാഗത്തൂടെ ജലം ഒഴിയ്ക്കുക. ഇപ്രകാരം മൂന്നുപ്രാവശ്യം ഒഴിയ്ക്കുക. ഓരോപ്രാവശൃ൦ഒഴിയ്ക്കുമ്പോകും ദേവാൻ തര്‍പ്പയാമി എന്നു ചൊല്ലണം. ഇനി ദേവഗണാന്‍ തര്‍പ്പയാമി എന്നുജപിച്ച് വീണ്ടും മൂന്നുപ്രാവശ്യം ഒഴിയ്ക്കണം.പിന്നെ കൈകുമ്പിളില്‍ ജലമെടുത്ത് മൂന്ന്പ്രാവശ്യം ഋഷീൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം ഋഷീഗണാൻ തര്‍പ്പയാമി എന്നും ജപിച്ച് രണ്ടു കൈകള്‍ക്കിടയിലൂടെ ഒഴിയ്ക്കണം. പിന്നെ കൈയില്‍ ജലമെടുത്ത് ചൂണ്ടുവിരലിനും  പെരു വിരലിനും ഇടയിലൂടെ മൂന്നു പ്രാവശ്യം പിതൃൻ തര്‍പ്പയാമി എന്നും മൂന്നുപ്രാവശ്യം പിതൃ ഗണാൻ തര്‍പ്പയാമി എന്നും ഒഴിയ്ക്കണം തുടര്‍ന്നു വലതുകയ്യില്‍ ജലമെടുത്ത് ഓം ഭുര്‍ഭുവസ്വരോം എന്നുജപിച്ച് തലയ്ക്കു മുകളില്‍ചുറ്റി വീഴ്തുക. വീണ്ടും ആചമനം ചെയ്യുക. ശേഷം ധ്യാനം, പ്രാര്‍ത്ഥന, ജപം എന്നിവ ചെയ്യുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുക.
ക്ഷേത്രദര്‍ശനത്തിനു ശേഷം മാത്രം പ്രഭാത ഭക്ഷണം കഴിയ്ക്കുക. ശേഷം ചെടികള്‍ മുതലായവയ്ക്ക് വെള്ളമൊഴിയ്ക്കുക. അതിനുശേഷം കുടുംബാംഗങ്ങളുമായി അല്‍‌പ്പനേരം കുശലപ്രശ്നങ്ങള്‍ നടത്തുക. പിന്നീട് അവരവരുടെ ജോലികള്‍ക്ക് പോകുക. ജോലിചെയ്യുമ്പോഴും ഈശ്വരസ്മരണയോടും അത്യധികം ശ്രദ്ധയോടും കൂടി ചെയ്യുക.
ക്ഷേത്രദര്‍ശനം
ക്ഷേത്ര ദര്‍ശനത്തിനായി പോകുമ്പോള്‍ അലക്കിയുണക്കിയ വസ്ത്രം ധരിച്ചുവേണം പോകുവാന്‍. ക്ഷേത്രത്തില്‍ സമര്‍പ്പിയ്ക്കുവാന്‍ പൂക്കളോ, നൈവേദ്യവസ്തുക്കളോ, എണ്ണ, ചന്ദനത്തിരി, കര്‍പ്പൂരം മുതലായവയോ കരുതണം. പുരുഷന്മാര്‍ ശരീരത്തിന്റെ മേല്‍ഭാഗവും സ്ത്രീകള്‍ മുഖവും മറയ്കുവാന്‍ പാടുള്ളതല്ല. ക്ഷേത്രചുറ്റുമതിലിനകത്ത് യാതൊരു കാരണ വശാലും പദരക്ഷകള്‍ കൊണ്ടുപോകരുത്. (ചില ക്ഷേത്രങ്ങളില്‍ ആളുകള്‍ ചെരുപ്പ് മതിലിനു പുറത്തുവച്ച് ഊരിയ ശേഷം അതും കയ്യിലെടുത്ത് ക്ഷേത്രത്തിലേയ്ക്കു കടക്കുന്നത് കാണാം അവര്‍ ചെരിപ്പും പിടിച്ച് വലിയമ്പലം വരെ പോയി കൊടിമരച്ചുവട്ടിലും മറ്റും ചെരുപ്പ് വയ്ക്കുന്നത് ഒരിയ്ക്കലും നല്ലതല്ല.)മൊബൈല്‍ ഫോണുകള്‍ നിര്‍ബന്ധമായും ക്ഷേത്രത്തില്‍ ഉപയോഗിയ്ക്കതിരിയ്ക്കുക. ശ്രീകോവിലിനു മുന്നിലെത്തിയാല്‍ മനസ്സിനെ ഏകാഗ്രമാക്കി ദേവനെ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിയ്ക്കുക ആദ്യം കണ്ണുതുറന്നു ദേവനെ നോക്കികൊണ്ടും പിന്നെ കണ്ണടച്ച് ദേവനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടും. ദേവനായുള്ള വസ്തുക്കള്‍ നടയില്‍ അതിനായുള്ള സ്ഥാനത്ത് സമര്‍പ്പിയ്ക്കുക.
പത്രം പുഷ്പം ഫലം തോയം
യോമേ ഭക്ത്യാന്‍പ്രയച്ഛതി
തദഹം ഭക്ത്യുപഹ്റ്തം
അശ്നാമി പ്രയതാത്മന:
പരിശുദ്ധിയും സ്നേഹവും നിറഞ്ഞ മനസ്സോടു കൂടി ഭക്തിപൂര്‍‌വ്വം എനിയ്ക്കായി നിവേദിയ്ക്കുന്നത് ഇലയോ പൂവോ കായോ ജലമോ ആയിക്കൊള്ളട്ടെ, അതിനെ ഞാന്‍ സന്തോഷത്തോടു കൂടി സ്വീകരിയ്ക്കും. (ഭഗവത് ഗീത)
ശേഷം പ്രദക്ഷിണം വയ്ക്കുക. അതത് ദേവനു വിധിച്ചിരിയ്ക്കുന്ന എണ്ണം പ്രദക്ഷിണം ചെയ്യണം. പ്രദക്ഷിണം വയ്ക്കുമ്പോൾ സാവധാനം ശ്രദ്ധയോടുകൂടി ചെയ്യണം. ഓട്ട പ്രദക്ഷിണം അരുത്. പ്രദക്ഷിണ സമയത്ത് മനസ്സിൽ ഈശ്വര ചിന്തമാത്രമേ ഉണ്ടാകാവൂ.
പദാത് പദാന്തരംഗച്ഛേത് കരൌ ചലന വർജ്ജിതന
സ്തുതിർവാചി ഹൃദിധ്യാനം ചതുരംഗം പ്രദക്ഷിണം


ഏകം വിനായകേ കുര്യാൽ ദ്വേ സൂര്യേ
ത്രീണിശങ്കരേ ചത്വാരി ദേവീ വിഷ്ണുശ്വ
സപ്താശ്വത്ഥേ പ്രദക്ഷിണം
ഗണപതിയ്ക്ക് ഒന്നും സൂര്യനു രണ്ടും, ശിവനു മൂന്നും, വിഷ്ണുവിനും ദേവിയ്ക്കുംനാലും അയ്യപ്പന്‌ അഞ്ചും, സുബ്രഹ്മണ്യന്‌ ആറും അരയാലിന്‌ ഏഴും പ്രദക്ഷിണം ചെയ്യണം
അരയാലിനു പ്രദക്ഷിണം ചെയ്യുമ്പോൾ
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപായ
അഗ്രതോ ശിവരൂപായ
വൃക്ഷരാജായതേ നമ:
എന്ന മന്ത്രം ജപിയ്ക്കണം

2018 ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഭഗവാനും നാരദരും തമ്മിലുള്ള രസകരമായൊരു സംവാദം...



ഭഗവാനും നാരദരും തമ്മിലുള്ള
രസകരമായൊരു സംവാദം...
=============================
ഒരിക്കൽ, നാരദമുനി ഭഗവാനോട് ചോദിച്ചു ," പ്രഭോ ! എന്തുകൊണ്ടാണ് , അങ്ങയുടെ ക്ഷേത്രങ്ങളിൽ , ഗരുഡന്റെ പ്രതിമ വെക്കണമെന്ന നിഷ്ക്കർഷയുള്ളത് ,എന്തുകൊണ്ട് എന്റെ പ്രതിമ വെക്കുന്നില്ല ? ഞാനും അങ്ങയുടെ പരമഭക്തനല്ലെ?*
ഭഗവാൻ മറുപടിപറയാൻ തുടങ്ങുന്നതിന് മുൻപ് , പുറത്തുനിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു . " എന്താണത്? " മഹാവിഷ്ണു ആരാഞ്ഞു . ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഗരുഡൻ അപ്പോളവിടെ ഉണ്ടായിരുന്നില്ല . " ഗരുഡനെ ഞാൻ ഒരു കാര്യത്തിനായി അയച്ചിരിക്കയാണ് , അങ്ങേക്ക് അവിടെ എന്താണുണ്ടായതെന്ന് ഒന്ന് നോക്കി വരാനാകുമോ ?" ഭഗവാൻ ചോദിച്ചു . ഭഗവാനെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ നാരദമുനി പുറത്തേക്കോടി ,വളരെ പെട്ടെന്ന് തിരികെ എത്തി അറിയിച്ചു ," അവിടെ ഒരു പാൽക്കാരി തെന്നിവീണതാണ് ". " അവളുടെ പേരെന്താണ് ?" ഭഗവാൻ ചോദിച്ചു , നാരദൻ വീണ്ടും പുറത്തേക്കോടി വേഗം തന്നെ മറുപടിയുമായി വന്നു ,"ശാരദ എന്നാണ് അവരുടെ പേര് ". " അവർ എവിടെ പോകുകയായിരുന്നു ?" ഭഗവാൻ വീണ്ടും ചോദിച്ചു , നാരദമുനി ഒരിക്കൽ കൂടെ പുറത്തേക്കോടി ആ സ്ത്രീയുമായി സംസാരിച്ച് തിരിച്ചെത്തിയ ശേഷം പറഞ്ഞു ," അവർ കച്ചവടത്തിനായി പോകുകയായിരുന്നു ".

അവർ എങ്ങിനെയാണ് വീഴാൻ ഇടയായത് ?" ഭഗവാൻ വീണ്ടും ആരാഞ്ഞു . നാരദർക്കു കുറേശ്ശെ നീരസം തോന്നിത്തുടങ്ങി ," ഈ ചോദ്യം ഞാൻ നേരത്തെ പോയപ്പോൾ അങ്ങെന്താണ് ചോദിക്കാഞ്ഞത്? എന്ന് പറഞ്ഞും കൊണ്ട് നാരദൻ പിന്നെയും പുറത്തേക്കോടി , തിരികെ വന്ന ശേഷം പറഞ്ഞു ," അവരുടെ മുന്നിലൂടെ ഒരു സർപ്പം കടന്നുപോയി .അതുകണ്ട് പേടിച്ചാണ് അവർ വീണത് ".

അവരുടെ കൈയ്യിലുള്ള പാൽക്കുടം പൊട്ടിപ്പോയോ ?" ഭഗവാൻ വീണ്ടും ചോദിച്ചു ,നാരദർ അസ്വസ്ഥതയോടെ വൈകുണ്ഠത്തിന് പുറത്തേക്ക് പോയി ആ സ്ത്രീയെ സമീപിച്ചു ,വളരെ സന്തോഷത്തോടെ , തിരികെ വന്നു പറഞ്ഞു ," അവരുടെ കയ്യിൽ രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നു , ഒന്ന് ഉടഞ്ഞുപോയി , ഇനിയൊരെണ്ണം ഉള്ളത് ഇരട്ടി വിലക്ക് വില്ക്കാനാണ് അവർ ഉദ്ദേശിക്കുന്നത് ". " അവർ എന്ത് വിലക്കാണ് വിൽക്കാൻ ഉദ്ദേശ്ശിക്കുന്നത് ? എനിക്കത് വാങ്ങാമെന്നുണ്ട് ". മഹാവിഷ്ണു വീണ്ടും ചോദിച്ചു . "ക്ഷമിക്കണം , ഞാനത് അന്വേഷിക്കാൻ വിട്ടുപോയി ,ഇപ്പോൾത്തന്നെ ചോദിച്ചിട്ടു വരാം " നാരദൻ വീണ്ടുംപുറത്തേക്ക് പാഞ്ഞു . " സാരമില്ല്യ , ഞാൻ വേറെയാരെയെങ്കിലും അയച്ചുകൊള്ളാം ," ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു . ആ സമയത്താണ് , ഗരുഡൻ അവിടെ എത്തിയത് ,മഹാവിഷ്ണുവും , നാരദരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് , ഗരുഡന് അറിയില്ലായിരുന്നു . ഭഗവാൻ ഗരുഡനോടായി പറഞ്ഞു '" അല്പം മുൻപേ എന്തോ വീഴുന്ന ഒച്ച കേട്ടു , ഒന്നുപോയി അന്വേഷിച്ചു വരൂ " ഗരുഡൻ പുറത്തേക്ക് പോയി . ഭഗവാൻ നാരദരെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു ," ഗരുഡൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കിക്കളയാം "

അൽപ സമയത്തിനുള്ളിൽ ഗരുഡൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു ," ശാരദ എന്ന ഒരു പാൽവില്പനക്കാരി കച്ചവടത്തിനായി പോകെ , ഒരു സർപ്പത്തിനെ വഴിയിൽക്കണ്ടുപേടിച്ച് . കാലിടറി വീണു . രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം പൊട്ടിപ്പോയി ,ഇനിയുള്ള പാൽക്കുടം വില്പന നടത്തി പൊട്ടിപ്പോയ പാലിന്റെയും കുടത്തിന്റെയും വില എങ്ങിനെ കിട്ടാനാകും എന്നോർത്ത് അവർ വിഷമിച്ചു ഇരിക്കയായിരുന്നു , ഞാൻ ,അങ്ങ് ആ പാൽക്കുടം വാങ്ങുമെന്ന് നിർദേശിച്ചു ,അങ്ങയുടെ പത്നി ഭാഗ്യത്തിന്റെ അധിദേവതയാണല്ലോ ." മഹാവിഷ്ണു ചോദിച്ചു " പാലിന്റെ വില എന്താണ് " . " നാല് ചെമ്പ് നാണയങ്ങളാണ് അവർ വിലപറഞ്ഞത് , അങ്ങയുമായുള്ള ഇടപാട് ആയതുകൊണ്ട് നല്ല ലാഭം ഉണ്ടാക്കാനാകുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട് ". ഭഗവാൻ ചിരിച്ചുകൊണ്ട് നാരദരെ നോക്കി , എന്തുകൊണ്ടാണ് ഗരുഢവിഗ്രഹം ,ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ മുന്നിൽ വെക്കുന്നതെന്ന് നാരദർക്കു മനസ്സിലായി .

ഗരുഡൻ , ഭഗവാന്റെ ഒരു നല്ല സേവകനാണ് , എന്ത് കാര്യവും,നല്ലതുപോലെ ഗ്രഹിച്ച് , മുൻകയ്യെടുത്ത്‌ വേണ്ടതുപോലെ ചെയ്യാനുള്ള കഴിവുമുണ്ട് . ഗരുഡൻ നമ്മുടെ സങ്കടങ്ങളെ ഞൊടിയിടയിൽ ഭഗവാന്റെ മുന്നിലെത്തിക്കുന്നു , നമ്മുടെ പ്രശ്നങ്ങൾ എന്താണെന്നും , അതെങ്ങിനെ പരിഹരിക്കണമെന്നും , ഗരുഡന് വളരെ നന്നായി അറിയാം . വിശ്വാസത്തോടും , ഭക്തിയോടും കൂടി ഗരുഡനെ സ്മരിക്കുന്നത് , പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശക്തി നൽകുന്നു

ഹരേ കൃഷ്ണാ

“ഓം നമോ നാരായണായ “

“ഓം മഹാവിഷ്ണുവേ നമ:“

2018 ജൂലൈ 12, വ്യാഴാഴ്‌ച

സർപ്പക്കാവ്



സർപ്പക്കാവ് 

🐍
കേരളത്തിൽ സർപ്പക്കാവ് ഇല്ലാത്ത ഹിന്ദു കുടുംബങ്ങൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. 🐍
എന്താണ് സർപ്പക്കാവ്, എങ്ങിനെ ഉണ്ടായി ? 🐍
ഏക്കർ കണക്കിന് ഭൂമി ഓരോ കുടുംബത്തിനും സ്വെന്തമായി ഉണ്ടായിരുന്നു, ആ കാലങ്ങളിൽ പാമ്പുകൾ സമാധി ഇരുന്നത് കണ്ട പൂർവികർ, പാമ്പിന്റെ സമാധി പ്രദേശം സർപ്പങ്ങൾക് നീക്കി ഇട്ടു, ബാക്കി പ്രദേശങ്ങളിൽ കൃഷി ചെയ്തു, ജീവനുള്ള പാമ്പുകൾ ചുറ്റി ഇരുന്നു തല മാത്രം ഉയർത്തി പിടിച് ആയുസ് തീരും വരെ ഇരുന്നു ജീവൻ വെടിയുന്നതാണ് "സർപ്പ സമാധി ". അങ്ങനെ സർപ്പങ്ങൾ ജീവ സമാധി ആകുകയും ക്രെമേണ പുറ്റ് വളർന്നു ഭൂമിയിൽ ലയിക്കുകയും ചെയ്യും,
സർപ്പങ്ങൾ ജീവ സമാധി ആയ സ്ഥലങ്ങളിൽ സർപ്പ🐍 വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു, വിളക്ക് വെച്ച് ആരാധിച്ചിരുന്ന സ്ഥലങ്ങളാണ് സർപ്പക്കാവുകൾ എന്ന് അറിയപ്പെടുന്നത്. 🐍
തീണ്ടലും, തൊടീലും ഉണ്ടായിരുന്ന കാലമായിരുന്നതിനാൽ, ഓരോ കുടുംബങ്ങളിലെയും കാരണവന്മാർ പ്രതിഷ്ഠയും പൂജയും വ്രതനിഷ്ഠയോടെ ചെയ്തു വന്നിരുന്നു. അങ്ങിനെ പ്രകൃതി ദത്തമായി ഉണ്ടായതു അനുഷ്ടാന ചടങ്ങുകളോടെ സംരെക്ഷിക്കുക മാത്രമാണ് ചെയ്തത്. 🐍 സർപ്പ പ്രീതിക്കായി മൺകുടം കൊണ്ടു താളം പിടിച്ചു , നാരദ വീണ വായിച്ചു പാട്ടുകൾ പാടുവാൻ "പുള്ളുവൻ " എന്ന ഒരു ജാതി തന്നെ രൂപം കൊണ്ടു, 🐍 സർപ്പക്കാവുകൾ കേന്ദ്രമായി ഒരു സംസ്കാരം തന്നെ ഉണ്ടായി. കുടുംബങ്ങൾ തോറും സർപ്പം തുള്ളലും, കളമെഴുത്തും പാട്ടും നടത്തി, നാഗരാജാവിന്റെ നാമത്തിൽ ഗ്രാമങ്ങൾ ഉണർന്നു.🐍സർപ്പങ്ങൾ ജീവ സമാധി ഇരുന്ന സ്ഥലങ്ങൾ നാഗാരാധനക്കു വേണ്ടി
മാറ്റിയിട്ടു. അതാണ് സർപ്പക്കാവുകൾ. 🐍
നുറു കണക്കിന് വർഷങ്ങൾ കടന്നു പോയി ഇരുപതാം നൂറ്റാണ്ടിൽ എത്തിയപ്പോഴേക്കും ഓരോ പ്രദേശവും ജനനിബിഡമായി, കൂട്ട് കുടുംബങ്ങൾ ഇല്ലാതായി, സ്ഥലങ്ങൾ വീതം വെച്ചു,
പുതിയ തലമുറക്ക് സർപ്പക്കാവുകൾ🐍 അധികപ്പറ്റായി, അത് നീക്കം ചെയ്യുന്നതിന് സർപ്പ വിഗ്രഹങ്ങൾ തടസമായി,
കുടുംബത്തിൽ ആരും സർപ്പക്കാവിൽ പൂജയും വിളക്കും വെക്കാൻ ഇല്ലാതെ ആയി, 🐍
സർപ്പക്കാവുകൾ നീക്കം ചെയ്യാൻ ജ്യോത്സ്യന്മാരെ കൂട്ട് പിടിച്ചു, ദേവപ്രശ്നം നടത്തി പ്രായമായവരുടെ കണ്ണു വെട്ടിച്ചു, സർപ്പ വിഗ്രഹങ്ങൾ മറ്റു നാഗ ക്ഷേത്രങ്ങളിലേക്കു മാറ്റി. 🐍
ഈ ആധ്യാത്മിക തട്ടിപ്പുകൾ ആരംഭിച്ചതോടെ സർപ്പക്കാവുകളുടെ മരണ മണി മുഴങ്ങാൻ തുടങ്ങി, പതിയെ സർപ്പക്കാവിന്റ സ്ഥലം കൈയടക്കാനും, നുറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടി എടുക്കാനും "കാവ് മാറ്റൽ " എന്ന് ചടങ്ങ് തന്നെ രൂപം കൊണ്ടു. 🐍
പൂർവികർ സംരക്ഷിച്ചു പരിപാലിച്ചു വന്നിരുന്ന സർപ്പക്കാവുകൾ മാറ്റുന്നതിന് അധികാരം ഉള്ളവർ എന്ന് അവകാശപ്പെട്ടു ആചാര്യന്മാർ തന്നെ രംഗത്തു വന്നു, അങ്ങിനെ നമ്മുടെ പൈതൃക സമ്പത്തായ സർപ്പക്കാവുകൾ കുറഞ്ഞു വന്നു. 🐍
സർപ്പ വിഗ്രഹങ്ങൾ എടുത്തു കൊണ്ടു പോകുന്നതിനു ഫീസും ഈടാക്കി "നിങ്ങൾ
ആരാധിച്ചാൽ സർപ്പ ദോഷം ഉണ്ടാകും🐍 അതുകൊണ്ട് ഞങ്ങൾ കൊണ്ടു പൊക്കോളാം" എന്ന് തെറ്റിദ്ധരിപ്പിച്ചു സർപ്പക്കാവുകൾ നശിപ്പിച്ചു, സർപ്പക്കാവുകൾ വെട്ടി തെളിച്ചു,🐍 സർപ്പക്കാവിലെ മരങ്ങൾ വെട്ടി വിറ്റ പണം ജ്യോൽസ്യന്മാരും, ആചാര്യന്മാരും പങ്കു വെച്ചു.
ആധ്യാത്മികതയിലൂടെ പൂർവികർ സംരക്ഷിച്ചു വന്നിരുന്ന സർപ്പക്കാവുകൾ, ആധ്യാത്മികതയിലൂടെ തന്നെ നശിപ്പിക്കപ്പെട്ടു.. 🐍
ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് പുതിയ തലമുറക്കും സംശയമായി..
പ്രകൃതിയുടെ വികൃതി സർപ്പക്കാവുകൾ മാറ്റിയ കുടുംബങ്ങൾ നശിച്ചു തുടങ്ങി,
സർപ്പ വിഗ്രഹങ്ങൾ എടുത്തു കൊണ്ടു പോയവർ ആധ്യാത്മികമായും, സാമ്പത്തികമായും സാംസ്കാരികമായും ഉയർന്നു, " സർപ്പദോഷം " കെട്ടു കഥയല്ല എന്ന് പുതിയ തലമുറയ്ക്ക് ബോധ്യപ്പെട്ടു വന്നപ്പോഴേക്കും ഏറെ വൈകി,
കുടുംബങ്ങൾ അടിത്തറ വരെ മാന്തി , കുടുംബ കലഹം പതിവായി, മക്കളില്ലാത്ത ദമ്പതികൾ സർപ്പ ദോഷ പരിഹാരം ചെയ്തു കുഞ്ഞുങ്ങൾ ഉണ്ടാകാൻ തുടങ്ങി.
അപ്പോഴാണ് പഴമക്കാര് പറഞ്ഞത് ഓർമ വന്നത്,
" സന്താനത്തിനും സമ്പത്തിനും സർപ്പങ്ങൾ,
സത്യമുള്ള🐍 ദൈവം നാഗ രാജാവ് '.✍

ബ്ലോഗ് ആര്‍ക്കൈവ്