ഈ ബ്ലോഗ് തിരയൂ

2018 ജൂൺ 27, ബുധനാഴ്‌ച

മനുവും സപ്തർഷികളും




മനുവും സപ്തർഷികളും
സപ്തർഷികൾ ആരൊക്കെ എന്ന് ആരോടെങ്കിലും അന്വേഷിച്ചാൽ പലരും പല ഉത്തരമാണ് നൽകുന്നത്...  അതിനു കാരണം അന്വേഷിച്ചാൽ പലർക്കും ഉത്തരവും ഇല്ല..
സപ്തർഷികൾ ആരൊക്കെ എന്ന് അറിയുന്നതിന് മുമ്പ് നമുക്ക് ആദ്യം മനുക്കളെ പരിചയപ്പെടാം...
📍 മനുക്കള്‍ പതിനാല് പേർ
ॐ➖➖➖➖ॐ➖➖➖➖ॐ
1- സ്വായംഭുവന്‍
2- സ്വാരോചിഷന്‍
3- ഔത്തമി [ഉത്തമൻ]
4- താമസന്‍
5- രൈവതന്‍
6- ചാക്ഷുഷന്‍
7- വൈവസ്വതന്‍
8- സാവര്‍ണി
9- ദക്ഷസാവര്‍ണി
10- ബ്രഹ്മസാവര്‍ണി
11- ധര്‍മസാവര്‍ണി
12- രുദ്രസാവര്‍ണി
13 - ദൈവസാവര്‍ണി  [രൗച്യദേവസാവര്‍ണി]
14- ഇന്ദ്രസാവര്‍ണി [ഭൗമി]
ഓരോ മന്വന്തരത്തിലെ മനുക്കളും ആ കാലഘട്ടത്തിലെ സപ്തർഷികളെയും നമുക്കൊന്ന് അടുത്തറിയാം...
ഇപ്പോൾ നാം ജീവിക്കുന്ന കാലഘട്ടം വൈവസ്വതമനുവിന്റെതാണ്. ഏഴാം മന്വന്തരത്തിലെ മനു വൈവസ്വതന്‍. ശ്രാദ്ധദേവൻ എന്നപേരിലും അറിയപ്പെടുന്നു.
1 മനുഷ്യ വർഷം = 1 ദേവ ദിവസം
360 ദേവ ദിവസം = 1 ദേവ വർഷം
12000 ദേവ വർഷം = 1 ചതുർയുഗം [36 ലക്ഷം മനുഷ്യ വർഷം]
71 ചതുർയുഗം = 1 മന്വന്തരം [ഒരു മനുവിന്റെ ആയുസ്സ്]

ഇങ്ങനെ 14 മനുക്കൾ...
14 മന്വന്തരം = 1 കൽപ്പം [ബ്രഹ്മാവിന്റെ ഒരു പകൽ]
2 കൽപ്പം = 1 ബ്രഹ്മ ദിവസം
360 ബ്രഹ്മ ദിവസം = 1 ബ്രഹ്മ വർഷം
120 ബ്രഹ്മ വർഷം = 1 ബ്രഹ്മായുസ്സ് [30917376 കോടി മനുഷ്യ വർഷം]
ബ്രഹ്മാവ്‌ ആദ്യമായി സൃഷ്ടിച്ചവരെല്ലാം സന്യസിക്കാന്‍ പോയി അതില്‍ ആദ്യം സനല്ക്കുമാരാദി മഹര്ഷിമാര് (4 പേര്)
1. സനന്ദ കുമാരൻ
2. സനക കുമാരൻ
3. സനാതന കുമാരൻ
4. സനൽ കുമാരൻ
അവര്ക്ക് തപസ്സിലായിരുന്നു താല്പര്യം.
ബ്രഹ്മാവ്‌ ആദ്യം സൃഷ്ടിച്ച മക്കള്‍ സൃഷ്ടി കര്മ്മം നടത്താതെ തപസ്സിനായി പോയതിനാൽ ബ്രഹ്മദേവൻ കോപിക്കുന്നു. ആകോപത്തിൽ നിന്നും രുദ്രന്‍ ജനിക്കുന്നു. രുദ്രന്റെ ശരീരത്തിന്റെ പകുതി നാരിയും പകുതി പരുഷനുമായിരുന്നു.  ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം രുദ്രൻ സ്ത്രീരൂപത്തെയും പുരുഷരൂപത്തെയും രണ്ടായി വേർപിരിച്ചു. പുരുഷരൂപത്തെ പിന്നെയും പതിനൊന്നായി വിഭജിച്ചു. ആ പതിനൊന്നു രൂപങ്ങളാണ് ഏകദേശരുദ്രന്മാർ.
ഏകദേശരുദ്രന്മാരുടെ പേരുകൾ ചില പുരാണങ്ങളിൽ വ്യത്യസ്തമായിട്ടാണ് കാണുന്നത്.
1- മന്യു
2- മനു
3- മഹിനസൻ
4- മഹാൻ
5- ശിവൻ
6- ഋതുധ്വജൻ
7- ഉഗ്രരേതസ്സ്
8- ഭവൻ
9- കാമൻ
10- വാമദേവൻ
11- ധൃതവ്രതൻ
എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് ഒരുപക്ഷം
1- അജൻ
2- ഏകപാദൻ [ഏകപാത്]
3- അഹിർബുദ്ധ്ന്യൻ
4- ത്വഷ്ടാവ്
5- രുദ്രൻ
6- ഹരൻ
7- ശംഭു
8- ത്രംബകൻ
9- അപരാജിതൻ
10- ഈശാന
11- ത്രിഭുവനൻ
എന്നിവരാണ് ഏകദേശരുദ്രന്മാർ എന്ന് മറുപക്ഷം.
വേർപിരിഞ്ഞ സ്ത്രീ രൂപത്തിൽനിന്ന്,
1- ധീ
2- വൃത്തി
3- ഉശന
4- ഉമ
5- നിയുത
6- സർപ്പിസ്
7- ഇള
8- അംബിക
9- ഇരാവതി
10- സുധ
11- ദീക്ഷ
എന്നു പതിനൊന്നു രുദ്രാണികളുമുണ്ടായി. ഏകദേശരുദ്രണികൾ യഥാക്രമം ഏകദേശരുദ്രന്മാരുടെ ഭാര്യമാരായിത്തീർന്നു.  [വിഷ്ണുപുരണം 1- )o അംശം 7- )o അദ്ധ്യായം]
പക്ഷെ അവരിൽ ഉണ്ടായ മക്കളൊക്കെ ഭയങ്ക്രര‍ രൂപികളാണ്‌...
ബ്രഹ്മാവ് രുദ്രനോട് സൃഷ്ടി മതിയാക്കി തപസ്സിനു പൊയ്ക്കൊള്ളാന്‍ പറയുന്നു..
പിന്നീട്  ബ്രഹ്മാവിന്റെ  അംഗങ്ങളിൽനിന്ന് ആവിർഭവിച്ച സൃഷ്ടികൾ യഥാക്രമം താഴെ...
മനസ്സില്‍ നിന്ന്- മരീചി മഹര്ഷി
കണ്ണുകളില്‍‍ നിന്ന്- അത്രി
മുഖത്ത് നിന്ന് - അംഗിരസ്സ്
കര്ണ്ണങ്ങളില്‍ നിന്ന് - പുലസ്ഥ്യന്
നാഭിയില്‍ നിന്നു - പുലഹന്
കയ്യില്‍ നിന്ന്- കൃതന്
ത്വക്കില്‍ നിന്നു - ഭൃഗു
പ്രാണനില്‍ നിന്നും - വസിഷ്ഠന്‍
വലതുകാലിന്റെ പെരുവിരലില്‍ നിന്നും- ദക്ഷന്
മടിയില്‍ നിന്നും- നാരദന്
വലത്തെ മുലയില്‍ നിന്നും - ധര്മ്മദേവന്
നിഴലില്‍ നിന്നും - കര്ദ്ദമന്‍ (കപിലന്റെ പിതാവ്‌)
സൌന്ദര്യത്തില്‍ നിന്നും - സരസ്വതി
വിയര്പ്പില്‍ നിന്നും - ജാംബവാന്
ജ്ഞാനത്തില്‍ നിന്നും - ഗര്ഗ്ഗന്
ഇങ്ങിനെ....
📍ഒന്നാം മന്വന്തരത്തിലെ മനു [സ്വായംഭുവന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
പിന്നീട് ബ്രഹ്മാവ്‌ തന്റെ ദക്ഷിണഭാഗത്ത് നിന്നും ഒരു പുരുഷനെയും (മനു)
വാമഭാഗത്തുനിന്നും സ്ത്രീയെയും (ശതരൂപ) യെയും സൃഷ്ടിക്കുന്നു..
ബ്രഹ്മാവിന്റെ മാനസപുത്രനായിട്ടാണ് സ്വായംഭുവന്‍ ജനിച്ചത്. ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപ ആണ് സ്വായംഭുവിന്റെ വധു. സ്വായംഭുമനുവിന് ശതരൂപയിൽ പ്രിയവ്രതൻ, ഉത്താനപാദൻ എന്ന് രണ്ടു പുത്രന്മാരും പ്രസൂതി, ആകൂതി എന്ന് രണ്ടു പുത്രിമാരും ജനിച്ചു. ആ രണ്ടു കന്യകമാരിൽ പ്രസൂതിയെ ദക്ഷപ്രജാപതിക്കും ആകൂതിയെ രുചിപ്രജാപതിക്കും വിവാഹം ചെയ്തു കൊടുത്തു.
📍ഒന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. മരീചി 2.അംഗിരസ്സ് 3.അത്രി 4.പുലഹൻ 5.ക്രതു 6.പുലസ്ത്യൻ 7.വസിഷ്ഠൻ [ഹരിവംശം 17ാം അദ്ധ്യായം]
📍രണ്ടാം മന്വന്തരത്തിലെ മനു [സ്വാരോചിഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അദ്ദേഹം പ്രിയവ്രതന്റെ പുത്രനായിരുന്നു. കാളിന്ദീ തീരത്ത് വസിച്ചിരുന്ന ഈ മനു സർവ്വജീവികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ആ നദീതീരത്ത് ഉണക്കയിലകളും മറ്റും മാത്രം ആഹാരമാക്കി കഠിനമായ തപസ്സു ചെയ്തു. ദേവിയുടെ മൃണ്മയവിഗ്രഹമുണ്ടാക്കി  അദ്ദേഹം പന്ത്രണ്ടു വർഷം വനവാസം ചെയ്ത് പൂജകളിൽ മുഴുകി ജീവിച്ചു. സഹസ്രസൂര്യതേജസ്സോടെ ഭഗവതി മനുവിനു മുന്നിൽ പ്രത്യക്ഷയായി. സ്വാരോചിഷ മനുവിന്റെ സ്തുതിയിൽ പ്രസന്നയായ ദേവി അദ്ദേഹത്തിന് ഒരു മന്വന്തരക്കാലം രാജാധിപത്യം അനുഗ്രഹിച്ചു നൽകി. ജഗജ്ജനനിയായ ദേവി 'താരിണി' എന്ന പേരിൽ ലോകപ്രസിദ്ധയായി. ഈ മനുവും താരിണീ ദേവിയെ പൂജിച്ച് ശത്രുരഹിതമായ രാജ്യത്തിന് അവകാശിയായി. അദ്ദേഹം പുത്രന്മാരുമായി ചേർന്ന് ധർമ്മം സ്ഥാപിച്ച് ഭോഗങ്ങൾ വിധിയാംവണ്ണം ആസ്വദിച്ച് ആ മന്വന്തരം കഴിയവേ  മുക്തിയടഞ്ഞു.
ചൈത്രൻ, കിംപുരുഷൻ മുതലായവർ സ്വാരോചിഷ മനുവിന്റെ പുത്രന്മാരായിരുന്നു.
രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 പരാവതന്മാരും, തുഷിതന്മാരും ആയിരുന്നു.
രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിപശ്ചിത്തൻ
📍രണ്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഊർജ്ജൻ 2. സ്തംഭൻ 3.പ്രാണൻ 4.വാതൻ 5.പൃഷഭൻ 6.നിരയൻ 7.പരീവാൻ [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]
📍മുന്നാം മന്വന്തരത്തിലെ മനു [ഔത്തമി (ഉത്തമൻ)]
ॐ➖➖➖➖ॐ➖➖➖➖ॐ
ഗംഗാതീരത്ത് വാഗ്ഭവനിഷ്ഠയോടെ ഭക്തിപുരസ്സരം മൂന്നു വർഷം ദേവീയുപാസന ചെയ്ത് അദ്ദേഹവും ശത്രുക്കളില്ലാത്ത രാജ്യത്തിന്റെ അധിപനായി. അദ്ദേഹത്തിന് ദീർഘായുസ്സുള്ള സന്താനങ്ങൾ ഉണ്ടായി. അദ്ദേഹവും യുഗധർമ്മം അനുഷ്ടിച്ച് ഭോഗങ്ങൾ യഥാവിധി ആസ്വദിച്ച് തന്റെ മന്വന്തരക്കാലം കഴിഞ്ഞ ശേഷം രാജർഷിമാർക്ക് കിട്ടാവുന്ന പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]
അജൻ, പരശുദീപ്തൻ മുതലായവർ ഉത്തമമനുവിന്റെ മക്കളായിരുന്നു.
മുന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമാക്കൾ, സത്യന്മാർ, ജപന്മാർ, പ്രതർദ്ദനന്മാർ
മുന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 സുശാന്തി
📍മുന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.രജസ്സ് 2.ഗോത്രൻ 3.ഊർദ്ധ്വബാഹു 4.സവനൻ 5.അനഘൻ 6.സുതപസ്സ് 7.ശുക്രൻ (വസിഷ്ഠ മഹർഷിക്ക് ഊർജ്ജയിൽ ജനിച്ച ഏഴ് പുത്രന്മാർ) [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]
📍നാലാം മന്വന്തരത്തിലെ മനു [താമസന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
നാലാമത്തെ മനുവും പ്രിയവ്രതപുത്രനായിരുന്നു. 'താമസൻ' എന്ന പേരുള്ള അദ്ദേഹം നർമ്മദാ നദീ തീരത്ത് വച്ച് ജഗന്മയിയായ ദേവിയെ പൂജിച്ചു. ശരത്കാലത്തും വസന്തകാലത്തും ഒൻപതു രാത്രികളിൽ അദ്ദേഹം കാമരാജമഹാമന്ത്രം ജപിച്ച് പൂജിച്ചു. അങ്ങിനെ സ്തോത്രനമസ്ക്കാരങ്ങളാൽ ജലജാക്ഷീദേവിയെ സംപ്രീതയാക്കി അദ്ദേഹവും ദേവിയുടെ വരപ്രസാദത്തിനുടമയായി. അദ്ദേഹത്തിന് ശത്രുരഹിതമായ ഒരു രാജ്യവും വീരന്മാരായ പത്തു പുത്രന്മാരും ഉണ്ടായിരുന്നു. അദ്ദേഹവും ഒരു മന്വന്തരക്കാലം കഴിഞ്ഞ് മുക്തിപദമടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]
നരൻ, ഖ്യാതി, കേതുരൂപൻ, ജാനുജംഘൻ, മുതലായവർ താമസമനുവിന്റെ മക്കളായിരുന്നു.
നാലാം മന്വന്തരത്തിലെ ദേവന്മാർ
👉 സുപാരന്മാർ, ഹരികൾ, സത്യന്മാർ, സുധികൾ
നാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശിബി
📍നാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1. ജ്യോതിർമാവ് 2.പൃഥു 3.കാവ്യൻ 4.ചൈത്രൻ 5.അഗ്നിവനകൻ 6.പീവരൻ 7.......? [വിഷ്ണുപുരണം 1- )o അംശം 1- )o അദ്ധ്യായം]
📍അഞ്ചാം മന്വന്തരത്തിലെ മനു [രൈവതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അഞ്ചാമത്തെ മനു താമസന്റെ അനുജനായ രൈവതനായിരുന്നു. അദ്ദേഹവും കാളിന്ദീ തടത്തിൽ ഇരുന്ന് കാമബീജമന്ത്രപുരസ്സരം  മന്ത്രം ജപിച്ച് രാജ്യവും അതുല്യമായ ഐശ്വര്യവും നേടി. അങ്ങിനെ ദേവീകൃപയാൽ രൈവതമനു സർവ്വസിദ്ധികൾക്കും അധിപനായിത്തീർന്നു. അദ്ദേഹവും ആയുസ്സേറിയ പുത്രസമ്പത്തോടെ രാജ്യം ഭരിച്ച് ധാർമ്മികമായ വിഷയസുഖങ്ങൾ ആസ്വദിച്ച് ഒടുവിൽ മഹേന്ദ്രപുരിയിൽ വിശ്രാന്തിയടഞ്ഞു. [ദേവീഭാഗവതം ദശമസ്കന്ധം]
ബലബന്ധു, സംഭാവ്യൻ, സത്യകൻ മുതലായവർ രൈവതമനുവിന്റെ മക്കളായിരുന്നു.
അഞ്ചാം മന്വന്തരത്തിലെ ദേവന്മാർ
👉 അമിതാഭന്മാർ, ഭൂതരയന്മാർ, വൈകുണ്ഡന്മാർ, സുമേധസ്സുകൾ
അഞ്ചാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 വിഭു
📍അഞ്ചാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹിരണ്യരോമാവ് 2.വേദസ്ര്തീ 3.ഊർദ്ധ്വബാഹു 4.വേദബാഹു 5.സുദാമാവ് 6.പർജ്ജന്യൻ 7. മഹാമുനി [വിഷ്ണുപുരണം 3- )o അംശം 1- )o അദ്ധ്യായം]
📍അറാം മന്വന്തരത്തിലെ മനു [ചാക്ഷുഷന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
അംഗരാജാവിന്റെ മകൻ, ആറാമത്തെ മനുവായിത്തീർന്ന ചാക്ഷുഷൻ ബ്രഹ്മർഷിയായ പുലഹനെ സമീപിച്ച് ഇങ്ങിനെ അഭ്യർത്ഥിച്ചു. "ആശ്രിതർക്ക് അനുഗ്രഹം നൽകുന്ന ബ്രഹ്മർഷേ, എനിക്ക് ഐശ്വര്യമുണ്ടാവാനുള്ള ഉപദേശം കനിഞ്ഞു നൽകിയാലും. ഭൂമിയുടെ മേൽ ആധിപത്യവും ഐശ്വര്യ സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സൽപുത്രസമ്പത്തും ശസ്ത്രാശസ്ത്ര പ്രയോഗ സാമർത്ഥ്യവും ഉണ്ടാവാൻ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഉപദേശിച്ചാലും.
ദേവിയെ ആരാധിക്കുക മാത്രമാണ് ഇവയ്ക്കുള്ള ഏക മാർഗ്ഗമെന്ന് മുനി ചാക്ഷുഷനെ ഉപദേശിച്ചു. മുനി പറഞ്ഞു: ദേവീ ആരാധനയെക്കുറിച്ചുള്ള എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടാലും. ദേവിയെക്കുറിച്ചുള്ളതാകയാൽ അവ മധുരതരങ്ങളാണ്. നീ മുടങ്ങാതെ മഹാസരസ്വതീ ബീജമന്ത്രം ജപിക്കുക. മൂന്നു നേരവും മുടങ്ങാതെ വാഗ്ഭവ ബീജമന്ത്രം ജപിക്കുന്ന മനുഷ്യന് സിദ്ധിയും ബലവൃദ്ധിയും ഉണ്ടാവും. ബ്രഹ്മാവിന് സൃഷ്ടിക്കുള്ള കഴിവുണ്ടായത് ഈ മന്ത്രം ജപിച്ചതിനാലാണ്. വിഷ്ണു വിശ്വപരിപാലകനായതും മഹേശ്വരൻ സംഹാരകനായതും ഇതേ ദേവീമന്ത്രത്തിന്റെ പ്രാഭവം കൊണ്ടു മാത്രമാണ്. മറ്റുള്ള ലോകപാലകരും രാജാക്കൻമാരും നിഗ്രഹാനുഗ്രഹശക്തരായി ഭവിക്കുന്നത് ജഗദംബയെ ധ്യാനിച്ചിട്ടാണ്.
ബ്രഹ്മർഷിയായ പുലഹന്റെ ഉപദേശം കേട്ട് ചാക്ഷുഷൻ ദേവീ ഉപാസനാനിരതനായി വിരജാനദീതീരത്ത് അനേകനാൾ കഠിന തപം ചെയ്തു. വാഗ്‌ബീജ മന്ത്രജപത്തിൽ ആണ്ടു മുഴുകിയ രാജാവ് ഉണങ്ങിയ ഇലകൾ മാത്രമേ വിശപ്പടക്കാൻ ആദ്യവർഷം ഉപയോഗിച്ചുള്ളൂ.  രണ്ടാംവർഷം വെറും ജലം മാത്രം കുടിച്ചും മൂന്നാം വർഷം വായു ഭക്ഷണമാക്കിയും അദ്ദേഹം തപസ്സ് തുടർന്നു. പന്ത്രണ്ടു വർഷമിങ്ങിനെ തപസ്സു ചെയ്ത് അദ്ദേഹം ശുദ്ധാത്മാവായിത്തീർന്നു. ഇങ്ങിനെ ദേവീമന്ത്രം ജപിച്ചിരുന്ന ചാക്ഷുഷന് മുന്നിൽ ദേവി പ്രത്യക്ഷയായി. പരമേശ്വരിയായ ജഗദംബ അതീവ തേജസ്സോടെ പ്രസന്നയായി അംഗപുത്രനോട് വരം എന്തു വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറഞ്ഞു.
ചാക്ഷുഷൻ പറഞ്ഞു: സകലതിന്റെയും അന്തര്യാമിയാകയാൽ എന്റെയുള്ളിലും എന്താണെന്ന് അവിടേയ്ക്ക് നന്നായറിയാം. അവിടുത്തെദർശനം കിട്ടാൻ എനിക്ക് സൗഭാഗ്യമുണ്ടായി. ഉത്തമ രാജാക്കൻമാർക്ക് ഭരിക്കാൻ യോഗ്യമായ ഐശ്വര്യ സമ്പൂർണ്ണമായ ഒരു രാജ്യം ഭരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
ശ്രീദേവി അരുളി: ഈ മന്വന്തരം തീരുവോളം നീ ആഗ്രഹിച്ച പോലുള്ള രാജ്യം നിനക്കുണ്ടാവും. നിനക്ക് ശത്രുക്കളുണ്ടാവുകയില്ല. ഒടുവിൽ മുക്തിപദവും നിനക്ക് സ്വന്തമാവും.
ഇത്രയും അനുഗ്രഹമായി പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ആറാമത്തെ മനുവായ ചാക്ഷുഷൻ സർവ്വൈശ്വര്യങ്ങളും അനുഭവിച്ച് രാജ്യം ഭരിച്ചു. അദ്ദേഹത്തിന്റെ പുത്രൻമാർ ദേവീഭക്തരും ബലവാന്മാരും കാര്യപ്രാപ്തിയുള്ളവരും ആയിരുന്നു. ഒടുവിൽ കാലമായപ്പോൾ അദ്ദേഹം പരമപദം പ്രാപിച്ചു. [ദേവീഭാഗവതം ദശമസ്കന്ധം]
ശതദ്യുമ്നൻ മുതലായ ശക്തന്മാർ  ചാക്ഷുഷമനുവിന്റെ മക്കളായിരുന്നു.
അറാം മന്വന്തരത്തിലെ ദേവന്മാർ
👉 ആഖ്യന്മാർ, പ്രസൂതന്മാർ, ഭവ്യന്മാർ, പൃഥുകന്മാർ, ലേഖന്മാർ
അറാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മനോജവൻ
📍അറാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സുമേധസ്സ് 2.വിരജസ്സ് 3.ഹവിഷ്മാൻ 4.ഉത്തമൻ 5.മധു 6.അതിനാമാവ് 7.സഹിഷ്ണു [വിഷ്ണുപുരണം 1- )o അംശം 3- )o അദ്ധ്യായം]
📍ഏഴാം മന്വന്തരത്തിലെ മനു (ശ്രാദ്ധദേവൻ) [വൈവസ്വതന്‍]
ॐ➖➖➖➖ॐ➖➖➖➖ॐ
സൂര്യനിൽനിന്നു ജനിച്ചു. ലോകം ഇന്ന് ഭരിക്കുന്നത് ഈ മനുവാണ്. ഇന്നു കാണപ്പെടുന്ന എല്ലാ ജീവജാലങ്ങളും ഈ മനുവിൽ നിന്ന് ഉണ്ടായതാണ്. വൈവസ്വതമനുവാണ് കഴിഞ്ഞ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട സത്യവ്രതമനു. അദ്ദേഹത്തെ രക്ഷിക്കാനാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്. അയോധ്യ ഭരിച്ചിരുന്ന സൂര്യവംശരാജാക്കന്മാരുടെ ആദ്യപുരുഷനും വൈവസ്വതമനുവാണ്.
പരമാനന്ദത്തിന്റെ അനുഭവമാർജിച്ച അദ്ദേഹം രാജാക്കന്മാരിൽ വച്ച് അതിശ്രേഷ്ഠനായിരുന്നു. ഭഗവതിയെ പ്രസാദിപ്പിച്ചാണ് അദ്ദേഹവും മനുവായത്. [ദേവീഭാഗവതം ദശമസ്കന്ധം]
ഇക്ഷ്വാകു, നാഭാഗൻ, ധൃഷ്ടൻ, ശര്യാതി, നരിഷ്യന്ദൻ, പ്രാംശു, നൃഗൻ, ദിഷ്ഠൻ, കരൂഷൻ, പ്രഷധ്രൻ മുതലായ ശക്തന്മാർ  വൈവസ്വതമനുവിന്റെ മക്കളായിരുന്നു.
ഏഴാം മന്വന്തരത്തിലെ ദേവന്മാർ
👉 ആദിത്യന്മാർ, വസുക്കൾ, രുദ്രന്മാർ
ഏഴാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 പുരന്ദരൻ
📍ഏഴാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
വസിഷ്ഠൻ, കശ്യപൻ, അത്രി, ജമദഗ്നി, ഗൗതമൻ, വിശ്വാമിത്രൻ, ഭരദ്വാജൻ [വിഷ്ണുപുരണം 8- )o അംശം 1- )o അദ്ധ്യായം]
📍എട്ടാം മന്വന്തരത്തിലെ മനു [സാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
എട്ടാമത്തെ മനു സാവർണ്ണിയാണ്. പല പല ജന്മങ്ങളിലായി ദേവീപൂജ ചെയ്ത അദ്ദേഹത്തിൽ മനുസ്ഥാനം വന്നുചേരുകയായിരുന്നു. മഹാവിക്രമിയും ദേവീഭക്തനുമായ സാവർണ്ണി സകലർക്കും ആരാദ്ധ്യനായിരുന്നു.
സ്വാരോചിഷ മന്വന്തരത്തിൽ ചൈത്രകുലത്തിൽ സുരഥൻ എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വിരഥൻ. വിരഥന്റെ പിതാവ് ചൈത്രൻ. ചൈത്രൻ ബുധപുത്രനായിരുന്നു. ബുധന്റെ പിതാവ് ചന്ദ്രൻ. ചന്ദ്രൻ അത്രിപുത്രനാണ്. അത്രി ബ്രഹ്മാവിന്റെ മകനാണ്. ഇങ്ങിനെ ബ്രഹ്മാവിന്റെ നേർപരമ്പരയിലാണ് സുരഥന്റെ ജനനം.
സുരഥൻ വില്ലാളിയും മാന്യനും ശ്രേഷ്ഠഗുണസമ്പന്നനും ആയിരുന്നു. അതിസമ്പത്തിന്റെ ഉടമയും അതിനു ചേർന്ന ഹൃദയവിശാലതയുള്ള ദാനശീലനുമായിരുന്നു അദ്ദേഹം. അസ്ത്രശസ്ത്ര പ്രയോഗങ്ങളിൽ അതിനിപുണനായിരുന്ന സുരഥനെ എതിർക്കാൻ ശത്രു രാജാക്കൻമാർ തീരുമാനിച്ചു. അദ്ദേഹത്തിന്റെ നഗരമായ കോലാപുരത്തെ അവർ വളഞ്ഞു. രാജാവ് നഗരത്തിനു വെളിയിലെത്തിയെങ്കിലും ശത്രുക്കൾ ആ നഗരം കീഴടക്കി. സ്വന്തം മന്ത്രിമാരും സഹായികളും രാജഭണ്ഡാരം കൊള്ളയടിച്ചു. രാജാവ് ഒറ്റപ്പെട്ടു. ആ നാട്ടിൽ നിന്നും അദ്ദേഹത്തിന് പാലായനം ചെയ്യേണ്ടി വന്നു.
വ്യാകുലചിത്തനായ അദ്ദേഹം നായാട്ടിനെന്ന ഭാവത്തിൽ കുതിരപ്പുറത്ത് കയറി വിജന വനപ്രദേശങ്ങളിൽ കറങ്ങി നടന്നു. പെട്ടെന്ന് ഒരാശ്രമത്തിന്റെ സമീപത്തെത്തിയപ്പോൾ അദ്ദേഹത്തിന് പ്രശാന്തി അനുഭവപ്പെട്ടു. സുമേധസ്സ് എന്ന മഹാമുനി ശിഷ്യൻമാരും മൃഗങ്ങളുമൊത്ത് ശാന്തരായി വാഴുന്ന വനസ്ഥലിയാണത്. അദ്ദേഹം ആ ആശ്രമത്തിൽ കുറച്ചുകാലം താമസിച്ചു. മനസ്സ് കാലുഷ്യത്തിൽ നിന്നും അല്പം ശാന്തമായപ്പോൾ രാജാവ് സുമേധസ്സിനെ സമീപിച്ച് വിനയത്തോടെ സംസാരിച്ചു. പൂജകളെല്ലാം കഴിഞ്ഞ് മഹർഷി വിശ്രമിക്കുകയായിരുന്നു.
"മഹർഷേ, സത്യമെന്തെന്ന് എനിക്കറിയാമെങ്കിലും ശത്രുക്കളിൽ നിന്നും ഏറ്റ പരാജയം എന്നെ ഖിന്നനാക്കുന്നു. എന്റെ രാജ്യം അവരെടുത്തു. സമ്പത്തെല്ലാം മറ്റുള്ളവരും കവർന്നെടുത്തു. ഇതൊക്കെയാണെങ്കിലും അവയിൽ എനിക്കുള്ള മമത വിട്ടുപോകുന്നില്ല. ഞാനെന്താണ് ചെയ്യേണ്ടത് ? എങ്ങിനെയാണെനിക്ക് ശാന്തിയും ശുഭവും കൈവരിക? വേദവിത്തമനായ അങ്ങേയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവൂ."
സുമേധസ്സ് പറഞ്ഞു: "രാജാവേ, അത്യത്ഭുതകരമായ ദേവീ മാഹാത്മ്യം കേട്ടാലും. സർവ്വകാമപ്രദമാണ് ആ ജഗദംബയുടെ ചരിതം. ആ ദേവിയാണ് ബ്രഹ്മാവിഷ്ണു മഹേശ്വരൻമാരുടെ ജനനി. സകലപ്രാണികളുടെയും ചിത്തത്തെ മോഹിപ്പിക്കുന്നതും ദേവിയാണ്. അങ്ങിനെയവർ ദേവിയുടെ മായയ്ക്കധീനരായി കഴിയുന്നു. വിശ്വം ചമച്ചും സദാ പാലിച്ചും കാലമാകുമ്പോൾ സംഹരിച്ചും വിഹരിക്കുന്ന ദേവി ഒരേ സമയം കാമദാത്രിയും കാളരാത്രിയുമാണ്. 
വിശ്വത്തെ സംഹരിക്കുന്ന കാളിയും കമലാവാസിനിയായ ലക്ഷ്മിയും ദേവി തന്നെയാണ്. ജഗത്തിന്റെ ആരംഭവും അവസാനവും അവളിലാണ്. പരാത്പരയായ ദേവിയുടെ കടാക്ഷം കൊണ്ടല്ലാതെ ഒരുവന്റെ മോഹത്തിന് അവസാനമുണ്ടാവില്ല. ആ ദേവിയെ പ്രസാദിപ്പിക്കുക മാത്രമാണ് മോഹജാലത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം."
അതനുസരിച്ച് രാജാവ് ദേവിയെ തപസ്സുചെയ്ത് പ്രസാദിപ്പിച്ചു. ദേവി പ്രത്യക്ഷയായി ഐശ്വര്യങ്ങളും രാജ്യങ്ങളും തിരിച്ചു കൊടുക്കുന്നതിന് പുറമേ അദ്ദേഹം അടുത്ത ജന്മത്തിൽ സൂര്യവംശത്തിൽ സാവർണ്ണി എന്ന രാജാവായിത്തിരുന്നതാണെന്നും ആ സാവർണ്ണി എട്ടാമത്തെ മനുവായി പൂജിക്കപ്പെടുന്നതാണെന്നും അനുഗ്രഹിച്ചു. സുരഥന്റെ രണ്ടാം ജന്മമാണ് സാവർണ്ണി. [ദേവീഭാഗവതം ദശമസ്കന്ധം]
വിരജസ്സ്, ഉർവ്വരീവാൻ, നിർമ്മോകൻ മുതലായവർ സാവർണ്ണി മനുവിന്റെ പുത്രന്മാരായിരുന്നു.
എട്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 സുതപന്മാർ, അമിതാഭന്മാർ, മുഖ്യന്മാർ,
എട്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 മഹാബലി
📍എട്ടാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ദീപ്തി മാൻ 2. ഗാലവൻ 3.രാമൻ 4.കൃപൻ 5.അശ്വത്ഥാമാവ് [ദ്രോണ പുത്രൻ] 6.വ്യാസൻ [പരാശര പുത്രൻ] 7.ഋശ്യശൃംഗൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍ഒൻപതാം മന്വന്തരത്തിലെ മനു [ദക്ഷസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
ഒൻപതാം മന്വന്തരത്തിലെ ദേവന്മാർ
👉 പാരന്മാർ, മരീചിഗർഭന്മാർ, സുധർമ്മാക്കൾ
ഒൻപതാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഇന്ദ്രൻ
📍ഒൻപതാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.സവനൻ 2. ദ്യുതിമാൻ 3.ഭവ്യൻ 4.വസു 5.മേധാതിഥി, 6. ജ്യോതിഷ്മാൻ, 7.സത്യൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍പത്താം മന്വന്തരത്തിലെ മനു [ബ്രഹ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സുക്ഷേത്രൻ, ഉത്തമൗജസ്, ഭൂതിഷേണൻ മുതലായവർ ബ്രഹ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.
പത്താം മന്വന്തരത്തിലെ ദേവന്മാർ
👉 സുധാമന്മാർ, വിശുദ്ധന്മാർ
പത്താം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശാന്തി
📍പത്താംമന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.ഹവിഷ്മാൻ 2.സുകൃതൻ 3.സത്യൻ 4.തപോമൂർത്തി 5.നാഭാഗൻ 6.അപ്രതിമൗജസ്സ് 7.സത്യകേതു [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍പതിനൊന്നാം മന്വന്തരത്തിലെ മനു [ധർമ്മസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
സർവ്വത്രഗൻ, സുധർമ്മാവ്, ദേവാനീകൻ മുതലായവർ ധർമ്മസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.
പതിനൊന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 വിഹംഗമമാർ, കാമഗന്മാർ, നിർവ്വാണരതികൾ
📍പതിനൊന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.വൃഷൻ 2.അഗ്നിതേജസ്സ് 3.വപുഷ്മാൻ 4.ഘൃണി 5. ആരുണി 6.ഹവിഷ്മാൻ 7.അനഘൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍പന്ത്രണ്ടാം മന്വന്തരത്തിലെ മനു [രദ്രസാവര്‍ണി]
ॐ➖➖➖➖ॐ➖➖➖➖ॐ
രുദ്രന്റെ പുത്രനാണ് ഈ മനു.
ദേവവാൻ, ഉപദേവൻ, ദേവശ്രേഷ്ഠൻ
മുതലായവർ രദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.
പന്ത്രണ്ടാം മന്വന്തരത്തിലെ ദേവന്മാർ
👉 ഹരിതന്മാർ, രോഹിതന്മാർ, സുമനസ്സുകൾ, സുകർമ്മാക്കൾ, സുപാരന്മാർ
പന്ത്രണ്ടാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ഋതുധാമാവ്
📍പന്ത്രണ്ടാം സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.തപസ്വി 2.സുതപസ്സ് 3. തപോമൂർത്തി 4.തപോരതി 5.തപോധൃതി 6.തപോദ്യുതി 7.തപോധനൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍പതിമൂന്നാം മന്വന്തരത്തിലെ മനു [ദൈവസാവര്‍ണി]  (രൗച്യദേവസാവര്‍ണി)
ॐ➖➖➖➖ॐ➖➖➖➖ॐ
ചിത്രസേനൻ, വിചിത്രൻ, മുതലായവർ ദൈവസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു.
പതിമൂന്നാം മന്വന്തരത്തിലെ ദേവന്മാർ
👉 സുത്രാമന്മാർ, സുകർമ്മന്മാർ, സുധർമ്മന്മാർ
പതിമൂന്നാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ദിവസ്പതി
📍പതിമൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.നിർമ്മോഹൻ 2.തത്വദർശി 3.നിഷ്പ്രകമ്പ്യൻ 4.നിരുത്സുകൻ 5.ധൃതിമാൻ 6.അവ്യയൻ 7.സുതപസ്സ് [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]
📍പതിനാലാം മന്വന്തരത്തിലെ മനു [ഇന്ദ്രസാവര്‍ണി] (ഭൗമി)
ॐ➖➖➖➖ॐ➖➖➖➖ॐ
ഊരു, ഗംഭീരബുദ്ധി മുതലായവർ ഇന്ദ്രസാവര്‍ണി  മനുവിന്റെ പുത്രന്മാരായിരുന്നു. ഇവർ ആയിരിക്കും ഭൂമിയെ പരിപാലിക്കുന്നത്.
പതിനാലാം മന്വന്തരത്തിലെ ദേവന്മാർ
👉 ചാക്ഷുഷന്മാർ, പവിത്രന്മാർ, കനിഷ്ഠന്മാർ, ഭ്രാജികന്മാർ, വാചാവൃദ്ധന്മാർ
പതിനാലാം മന്വന്തരത്തിലെ ഇന്ദ്രൻ
👉 ശുചി
📍പതിനാലാം മന്വന്തരത്തിലെ സപ്തർഷികൾ
ॐ➖➖➖➖ॐ➖➖➖➖ॐ
1.അഗ്നി 2.ബാഹു  3.ശുക്രൻ 4.മാഗധൻ 5.അഗ്നീധറൻ 6.യുക്തൻ 7.ജിതൻ [വിഷ്ണുപുരണം 3- )o അംശം 2- )o അദ്ധ്യായം]

ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?




ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?
നമുക്ക് മുതിർന്നവരിൽ നിന്ന് വിശദീകരണം ലഭിക്കാത്ത വിഷയമാണിത്…
അതിനുള്ള എളിയ ഉദ്യമമാണിത്..
ഒരു ഗുരു ശിഷ്യ സംവാദം… ഇതിനിടെ നിരീശ്വരവാദിയായ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിക്കുകയാണ്..
“ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ? 
ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?”
ഗുരു മറുപടിയൊന്നും പറഞ്ഞില്ല… പകരം പഠനത്തിൽ വ്യാപൃതരവാൻ ഉപദേശിച്ചു.
ആ ദിവസം ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് സംസാരിച്ചത് …
“ഓം പൂർണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണമുദച്യതേ …. പൂർണസ്യ പൂർണ്ണമാദായ…. ”
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടു…
കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നിരീശ്വരവാദിയായ, നൈവേദ്യത്തെപ്പറ്റി ചോദ്യമുന്നയിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു…
ശിഷ്യൻ മന്ത്രം ഉരുവിട്ടു കഴിഞ്ഞതിന് ശേഷം മന്ദസ്മിതത്തോടെ അടുത്തേക്ക് വിളിച്ചു.. എന്നിട്ടു ചോദിച്ചു: “ഗ്രന്ധത്തിലുള്ളതെല്ലാം അതേപോലെ നിന്റെ മനസ്സിലുണ്ടല്ലോ? ”
ശിഷ്യന്റെ മറുപടി “അതേ ഗുരോ… എല്ലാം അതേപടി ചൊല്ലാൻ പറ്റും ”
അപ്പോൾ ഗുരു പറഞ്ഞു: “ഗ്രന്ധത്തിലെ എല്ലാ വാക്കുകളും അതേപടി പകർത്തിയിട്ടും അതൊക്കെ ഇപ്പോഴും ഗ്രന്ധത്തിൽത്തന്നെ നിൽക്കുന്നതെങ്ങനെ?”
തുടർന്ന് ഗുരു വിശദീകരിക്കാൻ തുടങ്ങി ..
” നിന്റെ മനസ്സിലുള്ള വാക്കുകൾ സൂഷ്മ സ്ഥിതിയിലാണ് (അദൃശ്യം). ഗ്രന്ധത്തിലുള്ള വാക്കുകൾ സ്ഥൂല സ്ഥിതിയിലും… (ദൃശ്യം) 
ദൈവവും സൂഷ്മ സ്ഥിതിയിലാണ്… 
നമ്മൾ അർപ്പിക്കുന്ന നിവേദ്യം സ്ഥൂല സ്ഥിതിയിലുള്ളതും..
സൂഷ്മ സ്ഥിതിയിലുള്ള ദൈവം സ്ഥൂല സ്ഥിതിയിൽ നമ്മൾ അർപ്പിക്കുന്ന നിവേദ്യം സൂഷ്മ സ്ഥിതിയിൽ സ്വീകരിക്കുന്നു…. അതു കൊണ്ടു തന്നെ അതിന്റെ അളവിൽ മാറ്റമുണ്ടാവുന്നില്ല ..”
ഗുരുമുഖത്തു നിന്നു കിട്ടിയ വിശദീകരണം കേട്ട് പശ്ചാത്താപ വിവശനായ ആ നിരീശ്വരവാദി ഈശ്വരവിശ്വാസിയായി എന്ന് കഥ.
ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം
ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം
ഭക്തി ജലത്തിൽ അലിയുമ്പോൾ കലശ തീർത്ഥം
ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര
സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം
ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം
പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ കർമ്മം
മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ഉണ്ടാകുന്നു..

നാഗചരിത്രവും നാഗാരാധനയും




നാഗചരിത്രവും നാഗാരാധനയും
വേദകാലം മുതല്‍തന്നെ നാഗങ്ങള്‍ക്കും നാഗാരാധനയ്‌ക്കും സവിശേഷപ്രാധാന്യം കൊടുത്തിട്ടുണ്ട്‌. സര്‍പ്പങ്ങളും നാഗങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്‌. സര്‍പ്പത്തിനു ഒരു ഫണമേ ഉള്ളൂ. നാഗത്തിന്‌ പല ഫണമുണ്ട്‌. മാത്രമല്ല സര്‍പ്പത്തിന്‌ വിഷമുണ്ട്‌, നാഗത്തിന്‌ വിഷമില്ല. ബഹുഫണങ്ങളുള്ള സര്‍പ്പങ്ങളാണത്രേ നാഗങ്ങള്‍. അവയില്‍ ആയിരം ഫണങ്ങളുള്ള ആദിശേഷനെ മെത്തയാക്കി മഹാവിഷ്‌ണു യോഗനിദ്ര ചെയ്യുന്നുവെന്ന്‌ പുരാണങ്ങളില്‍ പറയുന്നു. നാഗങ്ങളുടെ ഉത്ഭവകഥ ഇങ്ങനെ: ബ്രഹ്‌മാവിന്റെ മാനസപുത്രന്മാരില്‍ ഒരാളായ മരീചിയുടെ പുത്രനാണ്‌ കശ്യപന്‍. കശ്യപന്റെ പത്നിമാരായിരുന്നു കദ്രുവും വിനീതയും. പത്നിമാരുടെ ശുശ്രൂഷയില്‍ സംപ്രീതനായ കശ്യപന്‍ അവരോട്‌ ഇഷ്‌ടവരം ചോദിക്കുവാന്‍ ആവശ്യപ്പെട്ടു.
കദ്രു ഭര്‍ത്താവിനോടാവശ്യപ്പെട്ട വരം, ആയിരം നാഗങ്ങള്‍ സന്തതികളായി ജനിക്കണമെന്നായിരുന്നു. വിനീത ആവശ്യപ്പെട്ടത്‌, കദ്രുവിന്റെ മക്കളേക്കാള്‍ പരാക്രമികളും തേജസ്വികളുമായ രണ്ടുപേര്‍ തനിക്കുണ്ടാകണമെന്നാണ്‌. കശ്യപന്റെ വരബലത്താല്‍ കദ്രുവിന്‌ ആയിരം മുട്ടകള്‍ കിട്ടുകയും അവ അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ ആയിരം നാഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌തു. പക്ഷേ, വിനീതയ്‌ക്ക് കിട്ടിയ രണ്ടു മുട്ടകള്‍ അപ്പോഴും വിരിഞ്ഞില്ല. അപ്പോള്‍ ക്ഷമയറ്റ വിനീത, അവയിലൊന്നു പൊട്ടിച്ചുനോക്കാമെന്നു കരുതി പൊട്ടിച്ചുനോക്കി. അതില്‍നിന്നും അരുണന്‍ പുറത്തുവന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതുവരെ കാക്കാന്‍ ക്ഷമകാണിക്കാത്ത വിനീതയെ അരുണന്‍ ശപിച്ചു. എന്നെ പൂര്‍ണ വളര്‍ച്ചയെത്താന്‍ ക്ഷമ കാണിക്കാത്ത മാതാവായ നീ കദ്രുമാതാവിന്റെ ദാസിയായി കഴിയാന്‍ ഇടവരട്ടെ എന്ന്‌ ശപിച്ചു.
ശാപമോക്ഷം നല്‍കണമെന്നപേക്ഷിച്ച മാതാവിനോട്‌ അരുണന്‍ പറഞ്ഞു, രണ്ടാമത്തെ മുട്ട അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുശേഷം വിരിഞ്ഞ്‌ പുറത്തുവരുന്ന പരാക്രമിയായ മകന്‍ വിനീതയുടെ ദാസ്യമൊഴിവാക്കും. ശാപമോക്ഷം കൊടുത്തശേഷം അരുണന്‍ ആകാശത്തിലേക്ക്‌ ഉയര്‍ന്ന്‌ സൂര്യദേവന്റെ തേരാളിയായിത്തീര്‍ന്നു. ഒരിക്കല്‍ വിനീതയും കദ്രുവും സംസാരിച്ചിരിക്കുന്ന വേളയില്‍ പാലാഴിയില്‍നിന്നും ഉത്ഭൂതമായ ഉച്ചൈശ്രവസ്സ്‌ എന്ന കുതിര പൂര്‍ണ്ണമായും വെള്ളനിറമാണെന്ന്‌ വിനീത പറഞ്ഞു. കദ്രു പറഞ്ഞു; അതിന്റെ വാലിന്റെ അറ്റത്ത്‌ അല്‌പം കറുപ്പു നിറമാണ്‌. ബാക്കി ഭാഗം വെളുപ്പ്‌ നിറംതന്നെയെന്ന്‌. തമ്മില്‍ തര്‍ക്കം മൂത്ത്‌ വാതുവയ്‌പായി. കദ്രു പറഞ്ഞു; വാലില്‍ കറുപ്പു നിറമുണ്ടെങ്കില്‍ നീയെനിക്ക്‌ ദാസ്യവൃത്തി ചെയ്യണമെന്ന്‌. മറിച്ചാണെങ്കില്‍ ഞാന്‍ നിനക്ക്‌ ദാസിയാകുമെന്നും കദ്രു പറഞ്ഞു. ഇരുവരും സമ്മതിച്ചു. അടുത്തദിവസം രണ്ടുപേരും ഉച്ചൈശ്രവസ്സിനെ കാണാമെന്നും വാദങ്ങള്‍ സ്‌ഥിരീകരിക്കാമെന്നും പറഞ്ഞ്‌ പിരിഞ്ഞു. കദ്രുവിനറിയാമായിരുന്നു; ഉച്ചൈശ്രവസ്സിന്റെ നിറം പൂര്‍ണ്ണമായും വെളുപ്പാണെന്ന്‌. എന്നാല്‍ താന്‍ വാശിപിടിച്ച്‌ വാതുവച്ചതിനാല്‍ തന്റെ വാത്‌ ജയിക്കണമെന്നും വിനീതയെ ദാസിയാക്കണമെന്നും തീരുമാനിച്ചു. തന്റെ മക്കളെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു; താന്‍ ജയിക്കാനായി കുതിരയുടെ വാലില്‍ പറ്റിക്കൂടിയിരിക്കണമെന്ന്‌. വിനീത കണ്ടതിനുശേഷം മടങ്ങിപ്പോരാമെന്നും പറഞ്ഞു. മക്കളില്‍ ഭിന്ന അഭിപ്രായം വന്നു. അസത്യം ചെയ്യാന്‍ ചിലര്‍ മടി കാണിച്ചു. ഇതുകേട്ട കദ്രുമാതാവ്‌ തന്റെ ആജ്‌ഞ അനുസരിക്കാത്ത മക്കള്‍ ജനമേജയന്‍ സര്‍പ്പസത്രം നടത്തുമ്പോള്‍ യാഗാഗ്നിയില്‍ വെന്തു മരിക്കുമെന്ന്‌ ശപിച്ചു. മാതാവിനെ അനുകൂലിച്ച മക്കള്‍ അശ്വത്തിന്റെ വാലില്‍ ചുറ്റിക്കിടന്നു. തന്മൂലം കദ്രുവിന്‌ വിജയം കൈവരിക്കാന്‍ കഴിഞ്ഞു. വിനീത ദാസിയായി. അപ്പോഴാണ്‌ രണ്ടാമത്തെ മുട്ടയുടെ കാര്യം വിനീതയ്‌ക്ക് ഓര്‍മ്മവന്നത്‌. ഈ കാലയളവില്‍ ആ മുട്ട വിരിഞ്ഞ്‌ ഗരുഡനായി ജനിച്ചു. തന്റെ അമ്മയുടെ ദാസ്യവൃത്തിയറിഞ്ഞ ഗരുഡന്‍ അമ്മയെ ഇതില്‍നിന്നും മോചിപ്പിക്കണമെന്ന്‌ അപേക്ഷിച്ചു. തനിക്കും മക്കള്‍ക്കും ദേവേന്ദ്രന്റെ പക്കലുള്ള അമൃത്‌ വേണമെന്നും അമൃത്‌ കൊണ്ടുവരുന്ന പക്ഷം മോചിപ്പിക്കാമെന്നും കദ്രു പറഞ്ഞു. രണ്ടുംകല്‍പ്പിച്ച്‌ തന്റെ അമ്മയുടെ ദാസ്യവൃത്തി ഇല്ലാതാക്കാന്‍ ഗരുഡന്‍ ദേവലോകത്തേക്കു യാത്രയായി. ദേവേന്ദ്രനുമായി യുദ്ധത്തിലേര്‍പ്പെടുകയും ഇന്ദ്രന്‍ തോല്‍വി സമ്മതിക്കുകയും ഇന്ദ്രപദം നല്‍കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. തനിക്ക്‌ ഇന്ദ്രപദം ആവശ്യമില്ലെന്ന്‌ ഗരുഡന്‍ പറഞ്ഞു. തന്റെ അമ്മയുടെ ദുരനുഭവം വിവരിച്ചു. അമൃതകുംഭം തന്നയയ്‌ക്കണമെന്നും യാതൊരു കുഴപ്പവും സംഭവിക്കാതെ തിരികെ ഏല്‌പിക്കാമെന്നും സത്യം ചെയ്‌തു. ഇന്ദ്രന്‍ അമൃതകുംഭം ഗരുഡന്‌ നല്‍കി. അമൃതുമായി നാഗലോകത്തെത്തിയ ഗരുഡന്‍ അവിടെക്കിടന്ന ദര്‍ഭപ്പുല്ലിന്റെ മുകളില്‍ അമൃതകുംഭം വച്ചു. നാഗലോകത്ത്‌ അമൃതകുംഭം എത്തിച്ചപ്പോള്‍ അമ്മയുടെ ദാസ്യം ഇല്ലാതായി. അമൃത്‌ തനിക്കും തന്റെ മക്കള്‍ക്കും വിളമ്പാന്‍ ഗരുഡനോട്‌ ആവശ്യപ്പെട്ടു. കുളി കഴിഞ്ഞ്‌ വന്നാല്‍ അമൃത്‌ ഭക്ഷിക്കാന്‍ നല്‍കാമെന്ന്‌ ഗരുഡന്‍ പറഞ്ഞു. കുളി കഴിഞ്ഞു വന്ന നാഗങ്ങള്‍ അമൃത്‌ ഭക്ഷിക്കാനിരുന്നപ്പോള്‍ അമൃതകുംഭവുമായി ഗരുഡന്‍ ദേവലോകത്തേക്ക്‌ പറന്നുയര്‍ന്നു. അമൃത്‌ വച്ചിരുന്ന ദര്‍ഭപ്പുല്ലില്‍ തുളുമ്പിവീണ അമൃത്‌ ആര്‍ത്തിയോടെ നാഗങ്ങള്‍ നക്കി. തന്മൂലം നാഗങ്ങളുടെ നാക്ക്‌ രണ്ടായി പിളര്‍ന്നു.

സര്‍പ്പദോഷം



സര്‍പ്പദോഷം

സര്‍പ്പദോഷ നിവാരണങ്ങള്‍സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും.
ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.
സര്‍പ്പദോഷം
സര്‍പ്പക്കാവ് വെട്ടി തെളിക്കുക, സര്‍പ്പത്തിന്റെ മുട്ട നശിപ്പിക്കുക, സര്‍പ്പക്കാവ് ആശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സര്‍പ്പദോഷം ഉണ്ടാകും. ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേല്‍പ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു. ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

നാഗാരാധന 1




നാഗാരാധന    1
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്.
അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.
ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്, കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്. നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍.. പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.
താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്. ഭാരതീയ നൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്. നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം.
ഭാരതത്തില്‍ നിലവിലുണ്ട്.കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്. ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
നാഗാരാധന കേരളത്തില്‍.
പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍. ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്. മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു. കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍. കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
പരശുരാമനാണ് കേരളത്തിലെ നാഗരധനയ്ക്ക് ആരംഭം
ഉണ്ടാകിയതെന്നാണ് ഐതിഹ്യം .കേരളം സൃഷ്ടിച്ചപ്പോൾ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണ അംശ കൂടുതലും കാരണം ഭൂമി വാസയോഗ്യമല്ലാതായി .ഇതിനാൽ പരശുരാമൻ തപസ്സു ചെയ്തു ശ്രീ പരമേശ്വരന്റെ ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സർപ്പ ശ്രേഷ്ടനായവാസുകിയെയും പ്രത്യക്ഷപെടുത്തി. സർപ്പങ്ങൾക്ക് പ്രത്യേക വാസസ്ഥലം നൽകുകയും പൂജകൾ ചെയ്യുകയും ചെയ്താൽ സർപ്പ ശല്യം ഉണ്ടകുകയില്ലന്നും ,ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. അങ്ങിനെ ഭൂമി കൃഷിയ്ക്കും താമസത്തിനും യോഗ്യമാക്കിയ പരശുരാമനാണ് നാഗങ്ങളെ പ്രതിഷ്ടിച്ചതു എന്നാണ് ഐതിഹ്യം. മനുഷ്യർ പണ്ടുകാലം മുതൽ നാഗാരാധന നടത്തുകയും അവ മനുഷ്യനെ സംരക്ഷിക്കുമെന്നും വിശ്വസിച്ചു പോരുന്നു.
നാഗചൈനത്യമെന്നാൽ കേവലം പാമ്പ് എന്ന് കരുതരുത്. പകരം സർപ്പിളാകൃതിയിൽ നിലകൊള്ളുന്ന അനന്തമായ ഊർജ്ജം! പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു. പ്രപഞ്ച കേന്ദ്രത്തിനു ചുറ്റുമായി അനേകകോടി താരാപഥങ്ങൾ വലംവയ്ക്കുന്നു.നക്ഷത്രവ്യൂഹങ്ങൾ അവയുടെ കേന്ദ്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്നു. ആകാശഗംഗ എന്ന നക്ഷത്രവ്യൂഹത്തിലെ ഒരു സാധാരണ നക്ഷത്രമാണ് സൂര്യൻ. സൂര്യനു ചുറ്റുമായി ഗ്രഹങ്ങൾ. ഇങ്ങനെയുള്ള മഹാവ്യൂഹത്തിൽ ഏതെങ്കിലും ഗോളം ഭ്രമണപഥത്തിൽ നിന്നും അല്പം മാറിയാൽ കോടാനുകോടി ഗോളങ്ങൾ പരസ്പരം ഭ്രമണം ചെയ്യുന്ന ഈ വ്യൂഹത്തിന്റെ തകർച്ചയ്ക്ക് അത് കാരണമായിത്തീരും.
അങ്ങനെ അനേകമനേകം ആകാശഗോളങ്ങളെ കൃത്യമായും സൂക്ഷ്മമായും ഒരേ തലത്തിൽ നിലനിർത്തുന്നത് സർവ്വവ്യാപിയായ ഈ അഭികേന്ദ്രബലമാകുന്നു. ഈ ആകർഷണബലത്തിന്റെ താത്വികഭാവമാണ് മഹാനാഗം എന്നത്.ലോകം താങ്ങിനിർത്തുന്നത് ആദിശേഷൻ ആണെന്ന സങ്കല്പ്പത്തിന്റെ അടിസ്ഥാനം ഇതാകുന്നു. ഈ മഹാശക്തിയെ സ്വാധീനമായിക്കിട്ടിയാൽ നമുക്ക് ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ കഴിയും. ഇതിനുള്ള ക്രിയാമാർഗമാണ് നാഗപൂജകൾ. ശരിയായ താന്ത്രിക അനുഷ്ഠാനങ്ങളൾ മാത്രമാണ് ഇതിനുള്ള വഴി. അഷ്ടനാഗബലി, നാഗേന്ദ്രഹോമം ഇവയാണ് ഇതിനുള്ള മാർഗങ്ങൾ. അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ഗുളികൻ, ശംഖൻ, പത്മൻ, മഹാപത്മൻ ഇവരാണ് അഷ്ടനാഗങ്ങൾ. അഷ്ടനാഗങ്ങളെയും അവരുടെ നാഥനായ തിരുനാഗേശ്വരനെയും (ശിവൻ) അപരിവാരം ആരാധിക്കുകയാണ് അഷ്ടനാഗബലിയുടെ തത്ത്വം.നാഗരാജാവായ അനന്തൻ എന്ന ശേഷനാഗത്തെ, അനന്തതയായിത്തന്നെ ഉപാസിക്കുകയാണ് നാഗേന്ദ്രഹോമം എന്ന കർമ്മത്തിലൂടെ ചെയ്യുന്നത്. ഇത് രണ്ടും സകലവിധ രാഹുദോഷങ്ങളെയും ഇല്ലാതാക്കുന്നതാണ്.

നാഗവഴിപാടുകളും ഫലസിദ്ധികളും



നാഗവഴിപാടുകളും ഫലസിദ്ധികളും

1. വെള്ളരി, ആയില്യപൂജ, നൂറും പാലും :- സമ്പല്‍സമൃദ്ധിക്ക്
2. പാട്ട്, ധാന്യം, ദിവ്യാഭരണങ്ങള്‍ :- വിദ്യക്കും സല്‍കീര്‍ത്തിക്കും
3. ഉപ്പ് :- ആരോഗ്യം വീണ്ടുകിട്ടാന്‍
4. മഞ്ഞള്‍ :- വിഷനാശത്തിന്
5. ചേന :- ത്വക്ക് രോഗശമനത്തിന്
6. കുരുമുളക്, കടുക്, ചെറുപയറ് തുടങ്ങിയവ :- രോഗശമനത്തിന്
7. നെയ്യ് :- ദീര്‍ഘായുസ്സിന്
8. വെള്ളി, സ്വര്‍ണ്ണം എന്നിവയില്‍ നിര്‍മ്മിച്ച സര്‍പ്പരൂപം, സര്‍പ്പത്തിന്റെ മുട്ട എന്നീ രൂപങ്ങള്‍ :- സര്‍പ്പദോഷ പരിഹാരത്തിന്
9. പാല്, കദളിപ്പഴം, നെയ്യ് പായസ്സം :- ഇഷ്ടകാര്യസിദ്ധി
10. നൂറും പാലും, സര്‍പ്പബലി, ആയില്യപൂജ, ഉരുളി :- സന്താനലാഭത്തിന്
11. പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവ :- സര്‍പ്പ ഹിംസാദി ദോഷപരിഹാരത്തിന്.

നാഗ(പാമ്പ്)ത്തെ ആരാധിക്കുന്ന സമ്പ്രദായം.


നാഗ(പാമ്പ്)ത്തെ ആരാധിക്കുന്ന സമ്പ്രദായം.


നാഗ(പാമ്പ്)ത്തെ ആരാധിക്കുന്ന സമ്പ്രദായം. പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. നാഗം എന്ന സംസ്കൃത (പാലി) പദത്തിന് ആംഗലേയഭാഷയില്‍ സര്‍പന്റ് (Serpant) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഒഫീയോലറ്റിയ (Ophiolatia) എന്നാണ് നാഗാരാധന അറിയപ്പെടുന്നത്. ശിലാരാധന, സര്‍പ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിര്‍ഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തില്‍ വസിക്കുന്ന സര്‍പ്പരൂപിയായ ചെകുത്താന്‍ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
Image:Nagaradhana (3).png
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയന്‍, ബാബിലോണിയന്‍ സംസ്കാരങ്ങളില്‍ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗല്‍, അല്ലാറ്റു എന്നിവയ്ക്ക് സര്‍പ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങള്‍ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസര്‍പ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളില്‍ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളില്‍ ഒന്നാണ്.
ഈജിപ്ഷ്യന്‍ പുരാവൃത്തത്തില്‍ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സര്‍പ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയന്‍ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളില്‍നിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദര്‍ശനങ്ങള്‍ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങള്‍ ഇവയാണ് - നാഗഫണമുഖമാര്‍ന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സര്‍പ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതില്‍ മുടിയിഴകളും നാഗങ്ങളാണ്), സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാര്‍ന്ന ശില്പങ്ങള്‍.
Image:chinese_dragon.png
സൂര്യദേവന്റെ പ്രതീകമായി മുര്‍ഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകള്‍ ബാബിലോണിയയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളില്‍ നാഗം രാജകീയചിഹ്നമായിരുന്നു. പൂര്‍വികര്‍, രക്ഷകര്‍ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉര്‍വതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങള്‍ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി, രക്ഷ, വിഷം, പുനര്‍ജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങള്‍. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനര്‍ജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളില്‍ പാമ്പുകളെ ജലം, ദീര്‍ഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകള്‍ എന്നീ പ്രത്യേകതകളാണതിനുകാരണം.
പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്, ജര്‍മന്‍ പുരാവൃത്തങ്ങളില്‍ നാഗങ്ങളെ 'ഡ്രാഗണ്‍' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയില്‍ നാഗം 'ഡ്രാഗണ്‍' തന്നെയായിരുന്നു. ചെകുത്താന്മാര്‍ കടല്‍നാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്. സ്വര്‍ഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവില്‍നാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാഗസങ്കല്പങ്ങള്‍ വിഭിന്ന സമൂഹങ്ങളില്‍ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.
ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന നാഗാരാധന ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗണ്‍ നൃത്തങ്ങള്‍.
1. ഗ്രീസ്. ഗ്രീക്കു പുരാവൃത്തങ്ങളില്‍ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സര്‍പ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെര്‍ണ എന്ന പ്രദേശത്ത് ഒന്‍പതു തലയുള്ള ഒരു സര്‍പ്പത്തെ (Hydra) ഹെര്‍ക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസില്‍ നന്മയുടെ പ്രതീകങ്ങളായ സര്‍പ്പങ്ങളെയും കാണാം.
Image:Nagaradhana (4).png
ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദര്‍ശിക്കുമ്പോള്‍ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും (Laocoon) പുത്രന്മാരും റോമന്‍ ദേവനായ അപ്പോളോയെ തടഞ്ഞതിനു സര്‍പ്പങ്ങളാല്‍ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോര്‍വേയിലുള്ള മറ്റൊരു കഥ ഓര്‍മുങ്കന്തറിന്റേതാണ്. നോര്‍വേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിന്‍ (odin) ആയിരുന്നു. ഭീമാകാരവും അപൂര്‍വവുമായ ഓര്‍മുങ്കന്തര്‍ വലിയ രൂപമായി വളര്‍ന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാല്‍കടത്തി ഭീകരത പരത്തി. തുടര്‍ന്ന് ഭൂമിയില്‍ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി. അവസാനം തോര്‍ (thor) എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാല്‍ ആ സമയത്ത് ആ സത്ത്വത്തിന്റെ വായില്‍നിന്നും വമിച്ച വിഷദ്രാവകത്തില്‍ തോര്‍ മുങ്ങിമരിക്കുകയുണ്ടായി.
2. ഈജിപ്ത്. പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകള്‍ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ (ഋഷീ) നൈല്‍ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂര്‍ത്തിയായും കരുതപ്പെട്ടിരുന്നു. ഈ ദൈവത്തെ ഈജിപ്ഷ്യന്‍ മൂര്‍ഖന്റെ (Naja Hage) ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവര്‍ണമുദ്രയുള്ളതിനാല്‍ ഇറൗസ് (Uraeus) എന്ന ഈജിപ്ഷ്യന്‍ പരമാധികാരികളുടെ ചിഹ്നമായിരുന്നു അതെന്നു മനസ്സിലാക്കാം.
3. അമേരിക്ക. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സര്‍പ്പനൃത്തം (Hopi snake dance) നടത്തുന്നുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഈ ചടങ്ങിനുണ്ട്. ഇതില്‍ പാമ്പിനെ പിടിച്ചശേഷം ഒരു പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു. ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ആഘോഷങ്ങള്‍ക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് ഹോപ്പികള്‍ അവയെ വായില്‍ വച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകള്‍ ഹോപ്പികളുടെ ദൂതന്മാരായി ച്ചെന്ന് മഴയ്ക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നല്‍ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഗ്ലാസ്സിലെ വെള്ളത്തില്‍ കുതിരയുടെ രോമങ്ങള്‍ വീണാല്‍ അത് സര്‍പ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളില്‍ പലരും സര്‍പ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങള്‍, ചെടികള്‍, സൂര്യന്‍, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവയോടൊപ്പം പാമ്പിനെയും അവര്‍ ആരാധിച്ചിരുന്നു. ഇവരില്‍ മായന്മാര്‍, ഇങ്കാകള്‍, റെഡ്ഡിന്ത്യക്കാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
4. ഇസ്ലാം മതം. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകള്‍ വിശുദ്ധ ഖുര്‍ആനിലും വിശദീകരിക്കുന്നുണ്ട്. സൌര്‍ എന്ന ഗുഹയില്‍ പ്രവാചകന്റെ വരവും കാത്ത് അനേകവര്‍ഷങ്ങളായി ഒരു സര്‍പ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയില്‍നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആ ഗുഹയില്‍ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദര്‍ഭമുണ്ടായി. ഗുഹയില്‍ കയറിയ ഉടന്‍തന്നെ ശിഷ്യന്‍ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ടാണ് ശിഷ്യന്‍ അടച്ചുപിടിച്ചത്. തന്റെ മടിയില്‍ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സര്‍പ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണര്‍ന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടന്‍തന്നെ പ്രവാചകന്‍ ഉമിനീര്‍ പുരട്ടി മുറിവില്‍നിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.
Image:Nagaradhana (10).png
ഭൂതവര്‍ഗം അല്ലെങ്കില്‍ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തില്‍ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസര്‍പ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരും അനുയായികളും അത് നിരീക്ഷിച്ചറിഞ്ഞതായും സത്യസന്ധമാണെന്ന് തെളിയിച്ചതായും വിശദീകരിക്കുന്നുമുണ്ട്.
5. ബുദ്ധമതം. ബുദ്ധമതത്തില്‍ നാഗം രക്ഷകനാണ്. ബുദ്ധന്‍ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോള്‍ മണ്ണിനടിയില്‍നിന്നുയര്‍ന്നുവന്ന മുകാലിന്‍ഡ എന്ന നാഗം പത്തിവിടര്‍ത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകള്‍ പലേടത്തുമുണ്ട്.
6. ക്രിസ്തുമതം. ബൈബിളിലെ സൃഷ്ടികര്‍മങ്ങള്‍ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദന്‍തോട്ടത്തിലെ ഫലവൃക്ഷങ്ങളില്‍നിന്നും പഴങ്ങള്‍ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന സര്‍പ്പരൂപിയായ സാത്താന്റെ പ്രേരണയില്‍പ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടര്‍ന്ന് ആദമും അതു തിന്നു. ഉടന്‍തന്നെ അവരുടെ നഗ്നതയക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകള്‍ കോര്‍ത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
സര്‍പ്പരൂപിയായ ഷഹന് ജീവനാഥന്‍ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാന്‍ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല, ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളില്‍ വിളിക്കുന്നത്. ഇവയെല്ലാം ജലസര്‍പ്പങ്ങളായാണ് പുരാതന ഇസ്രയേല്‍കാര്‍ വിശ്വസിച്ചിരുന്നത്.
നോഹയുടെ പെട്ടകത്തില്‍ എലി (ചെകുത്താന്‍) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാല്‍കൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കന്‍ യൂറോപ്പില്‍ പ്രചാരത്തിലുണ്ട്. ആ സര്‍പ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.
സര്‍പ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍നിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളില്‍ ആര്‍ത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്.
7. ഹിന്ദുമതം. അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങള്‍
Image:Nagaradhana (6).png
ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷന്‍) നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ: ഗരുഡന്‍
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരില്‍നിന്നും ദേവന്മാര്‍ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡന്‍ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങള്‍ക്ക് കൊടുത്തു. നാഗങ്ങള്‍ അമൃതകലശം ദര്‍ഭപ്പുല്ല് വിരിച്ച് അതില്‍ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാന്‍ പോയി. ആ തക്കംനോക്കി ദേവന്മാര്‍ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങള്‍ അമൃത് കാണാതെ ആര്‍ത്തിയോടെ ദര്‍ഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളില്‍ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.
താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
Image:Nagaradhana (9).png
ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തില്‍ നിലവിലുണ്ട്.
കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.
ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
നാഗാരാധന കേരളത്തില്‍. പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍.
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.

സര്‍വ്വവിജ്ഞാനകോശം)

ബ്ലോഗ് ആര്‍ക്കൈവ്